കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാർ; സുരേഷ് ഗോപിയും ജോർജ് കുര്യനും മന്ത്രിസഭയിലേക്ക്

 

ന്യൂഡൽഹി: കേരളത്തിൽ നിന്നും സുരേഷ് ഗോപിക്ക് ഒപ്പം ബിജെപി നേതാവ് ജോർജ് കുര്യൻ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്ന് സൂചന. തൃശ്ശൂർ നിയുക്ത എം.പി. സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കുമെന്ന നേരത്തെ റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ജോർജ് കുര്യനും മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കുമെന്ന സൂചന പുറത്തുവരുന്നത്. രാവിലെ പ്രധാനമന്ത്രിയുടെ യോഗത്തിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഏത് വകുപ്പായിരിക്കും നൽകുക എന്ന കാര്യത്തിൽ വ്യക്തമല്ല. പാര്‍ട്ടി ദേശീയ സെക്രട്ടറി കൂടിയായ ജോര്‍ജ് കുര്യന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷനായിരുന്നു. യുവമോർച്ച മുതൽ ബിജെപിയിൽ പ്രവർത്തിച്ച് വരികയായിരുന്ന അദ്ദേഹം ചാനൽ ചർച്ചകളിലൂടെയും മലയാളികൾക്ക് സുപരിചിതനാണ്.

മന്ത്രിസഭയിൽ ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്‍റെ ഭാഗം കൂടിയാണ് ജോര്‍ജ് കുര്യന്‍റെ പദവി. സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തില്‍ ക്രിസ്ത്യന്‍ വോട്ടുകളും ബിജെപിക്ക് നിര്‍ണായകമായി. ഈ പശ്ചാത്തലത്തിലാണ് ജോര്‍ജ് കുര്യനെ കൂടി സുരേഷ് ഗോപിക്കൊപ്പം മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത്. ഒന്നാം മോദി സര്‍ക്കാരില്‍ സമാനമായ രീതിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കി പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം നടന്ന 2019 ലെ തിരഞ്ഞെടുപ്പില്‍ ആ രീതിയില്‍ ഒരു നേട്ടം ബിജെപിക്ക് കേരളത്തിലുണ്ടായില്ല. കേരളത്തില്‍ വേരുറപ്പിക്കണമെങ്കില്‍ ഹിന്ദു സമൂഹത്തിന്‍റെ പിന്തുണയ്ക്കൊപ്പം ക്രിസ്ത്യന്‍ സമൂഹത്തെ കൂടി അടുപ്പിക്കാന്‍ ലക്ഷ്യമിട്ട് ബിജെപി ചില നീക്കങ്ങള്‍ നടത്തിയിരുന്നു. ഭവനസന്ദര്‍ശനം അടക്കം ഇതിന്‍റെ ഭാഗമായിരുന്നു.

തൃശൂർ ‘എടുത്തത്’ മുതൽ ഉറപ്പിച്ചതായിരുന്നു സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം. പക്ഷെ ഇന്നലെ രാത്രി മുതൽ പലതരം അഭ്യൂഹങ്ങളും സംശയങ്ങളുമുയർന്നിരുന്നു. ഇതോടെ സിനിമക്കായി തൽക്കാലം ക്യാബിനറ്റ് പദവി വേണ്ടെന്ന നിലപാട് ഒരിക്കൽ കൂടി താരം സ്വീകരിച്ചു. ഉറപ്പിച്ച മന്ത്രിസ്ഥാനത്തിൽ രാവിലെ മുതൽ പലതരം അനിശ്ചിതത്വമുണ്ടായെങ്കിലും ഒടുവിൽ നരേന്ദ്ര മോദി നേരിട്ട് വിളിച്ചതോടെയാണ് ഡല്‍ഹിയ്ക്ക് പുറപ്പെട്ടത്.

 

Comments (0)
Add Comment