യുവതിയുടെ മരണം : സിപിഎം വയനാട് ജില്ലാ സെക്രട്ടറിയ്ക്ക് പങ്കുണ്ടെന്ന പരാതിയില്‍ രണ്ട് പേരെ ചോദ്യം ചെയ്തു

Jaihind News Bureau
Monday, November 11, 2019

വയനാട്ടിലെ യുവതിയുടെ മരണത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് പങ്കുണ്ടെന്ന ആരോപിച്ചു ഭർത്താവ് നൽകിയ പരാതിയിൽ രണ്ടു പേരെ ചോദ്യം പൊലീസ് ചെയ്തതെന്ന് സൂചന. അതേ സമയം പാർട്ടി അംഗങ്ങൾക്ക് വിശദീകരണം നൽകാൻ സിപിഎം വൈത്തിരി ഏരിയാ കമ്മറ്റിയുടെ അടിയന്തിര റിപ്പോർട്ടിംഗ് ഇന്ന് നടന്നേക്കും. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് കഴിഞ്ഞ അഞ്ചാം തീയതിയാണ് ഭർത്താവ് എസ്പിയ്ക്ക് പരാതി നൽകിയത്.

വയനാട് വൈത്തിരിയിൽ യുവതിയുടെ  മരണവുമായി ബന്ധപ്പെട്ട് സിപിഎം വയനാട് ജില്ലാ സെക്രട്ടറി ഉൾപ്പടെയുള്ളവർക്കെതിരെ ഭർത്താവ് പൊലീസിൽ  നൽകിയ പരാതിയിൽ അന്വേഷണം നടന്നു വരികെയാണ്.യുവതിയുടെ മരണവുമായി ബന്ധപെട്ടു പോലീസ് ഇതിനോടകം രണ്ടു പേരെ ചോദ്യം ചെയ്തതായി സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് ലോക്കൽ കമ്മറ്റിയിലെ പാർട്ടി അംഗങ്ങൾക്ക് പാർട്ടി റിപ്പോർട്ടിംഗ് നടത്തുന്നുവെന്ന സൂചനകൾ പുറത്തു വരുന്നത്. സംഭവത്തിലെ പാർട്ടിയുടെ നിലപാട് പാർട്ടി അംഗങ്ങളോട് വിശദീകരിക്കുകയാണ് ഉദ്ദേശ്യം. തുടർന്ന് നവംബർ 13ന് രാഷ്ട്രീയ വിശദീകരണ യോഗം നടത്താനും തീരുമാനമുള്ളതായി സൂചനയുണ്ട്. വൈത്തിരി  സ്വദേശിനി സക്കീന അബുബക്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ഷാജിയാണ് ജില്ലാ പൊലിസ് മേധാവിക്ക് പരാതി നൽകിയത് തുടർന്ന് കൽപ്പറ്റ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കഴിഞ്ഞ ദിവസം വൈത്തിരി പോലീസ് സ്റ്റേഷനിൽ ഭർത്താവ് ഷാജിയെ വിളിച്ചു വരുത്തി മൊഴിയെടുക്കുകയായിരുന്നു.

സംഭവത്തിലെ ദുരൂഹത തെളിയിക്കും വരെ നിയമപോരാട്ടം തുടരുമെന്ന് ഭർത്താവ് ഷാജി പറയുന്നു. തന്‍റെ ഭാര്യ ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊന്നും നിലവിലില്ല. അവർ ആരായോ വല്ലാതെ ഭയപ്പെട്ടിരുന്നതായും. മരിച്ചു കിടക്കുന്ന സ്ഥലം പരിശോധിച്ചാൽ സംശയം തോന്നുമെന്നും പരാതിയില്‍ പറയുന്നുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും ഇയാൾ ആരോപിക്കുന്നു.അതേ സമയം സി പി എം ജില്ലാ സെക്രട്ടറിക്കെതിരെയുള്ള പരാതി കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചു സി പി എം പ്രസ്താവന ഇറക്കിയിരുന്നു. സംഭവവുമായി ബന്ധപെട്ടു ഇന്ന് കൂടുതൽ പേരെ മൊഴിയെടുക്കാൻ സാധ്യതയുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആയത് കൊണ്ട് തന്നെ കൂടുതൽ വിശതീകരണം നൽകാൻ പോലീസ് തയ്യാറാവുന്നില്ല. മരണപ്പെട്ട യുവതിയുടെ ഒരു സ്ത്രീ സുഹൃത്തിന്റെ മൊഴിയെടുക്കാനും പോലീസിന് തീരുമാനം ഉള്ളതായാണ് സൂചന.