മലയാറ്റൂരില്‍ പാറമടയില്‍ സ്ഫോടനം ; ക്വാറന്‍റൈനിലായിരുന്ന രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു

കൊച്ചി : മലയാറ്റൂരില്‍ പാറമടയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. വെടിമരുന്നിന് തീപിടിച്ചാണ് സ്ഫോടനമുണ്ടായത്. സേലം സ്വദേശിയായ പെരിയണ്ണൻ (40), ചാമരാജ് നഗര്‍ സ്വദേശി ഡി നാഗ (34) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ലോക്ക്ഡൗണ്‍ ഇളവുകളെ തുടർന്ന് ജോലിക്കായി തിരിച്ചെത്തിയതായിരുന്നു തൊഴിലാളികള്‍. വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നു ഇരുവരും. പുലർച്ചെ മൂന്നരയോടെയുണ്ടായ അപകടത്തില്‍ കെട്ടിടം പൂർണ്ണമായും തകർന്നു.

സംഭവത്തില്‍ തഹസീൽദാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു. സബ് കലക്ടർ സ്ഥലം സന്ദർശിക്കും. പൊലീസ് അന്വേഷണം ആരംഭിച്ചതായും നിയമ ലംഘനം കണ്ടെത്തിയാല്‍ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

Comments (0)
Add Comment