തൃശ്ശൂരില്‍ കഞ്ചാവ് മാഫിയ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു

Jaihind Webdesk
Wednesday, April 24, 2019

തൃശ്ശൂര്‍: മുണ്ടൂര്‍ പാറപ്പുറത്ത് രണ്ട് യുവാക്കള്‍ വെട്ടേറ്റ് മരിച്ചു. ശ്യാം(24), ക്രിസ്റ്റി(25) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ ഏത് നാട്ടുകാരാണെന്നത് വ്യക്തമായിട്ടില്ലെങ്കിലും തൃശ്ശൂര്‍ ജില്ലക്കാര്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരട്ടക്കൊലപാതകത്തിനു പിന്നില്‍ ഗുണ്ടാപ്പകയാണോയെന്ന് സംശയിക്കുന്നുണ്ട്. കഞ്ചാവ് മാഫിയക്ക് സംഭവവുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെളുപ്പിന് രണ്ട് മണിയോടെയാണ് സംഭവം നടക്കുന്നത്.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്യാമിനെയും ക്രിസ്റ്റിയെയും ടിപ്പര്‍ ലോറിയിലെത്തിയ സംഘം ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ലയില്‍ കഞ്ചാവ് മാഫിയയുടെ അക്രമങ്ങള്‍ കൂടിവരുന്നതായ് റിപ്പോര്‍ട്ടുണ്ട്. കഞ്ചാവ് മാഫിയ വെട്ടിപ്പരുക്കേല്‍പ്പിച്ച യുവാവ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.