ഉമ്മന്‍ ചാണ്ടിക്കും പിണറായിക്കും രണ്ട് നീതി; സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തയാറാകണം: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, June 8, 2022

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ കറന്‍സി കടത്ത് ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് യുഡിഎഫ് ഉറ്റുനോക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വപ്ന ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ നേരത്തെയും കുറ്റസമ്മത മൊഴിയായി നല്‍കിയിരുന്നു. എന്നാല്‍ അന്ന് അതിനെക്കുറിച്ച് അന്വേഷിച്ചില്ല. സംഘപരിവാര്‍ ശക്തികളും സിപിഎം നേതൃത്വവും തമ്മില്‍ ഇടനിലക്കാരുടെ സഹായത്തോടെ അന്ന് ഒത്തുതീര്‍പ്പിലെത്തിയതാണ് ഇതിന് കാരണം. സ്വര്‍ണ്ണക്കടത്ത് കേസില്‍ കേരളത്തിലെ ബിജെപി നേതാക്കളിലെ പലരും ഇടനിലക്കാരാണ്. അവരുടെ ഇടപെടലിനെ തുടര്‍ന്നാണ് അന്ന് കേസ് പൂട്ടിക്കെട്ടിയതെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടേയും ഓഫീസിന്‍റെയും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്നാ സുരേഷിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്. കേസെടുത്ത് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തയാറാകണം. ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണവിധേയയുടെ കയ്യില്‍ നിന്നും പരാതി എഴുതി വാങ്ങിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടിക്ക് ഒരു നീതി, പിണറായിക്ക് മറ്റൊരു നീതിയെന്നത് പറ്റുമോ? സ്വപ്നയുടെ വെളിപ്പെടുത്തലില്‍ യുഡിഎഫ് നിയമനടപടി ആലോചിക്കുന്നുണ്ട്. സമരവുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.