റിയാദില്‍ റസ്റ്റോറന്‍റ് തകർന്നുവീണ് മലയാളി ഉള്‍പ്പെടെ രണ്ട് പേർ മരിച്ചു

സൗദി തലസ്ഥാനമായ റിയാദില്‍ റസ്റ്റോറന്‍റ് തകർന്നുവീണ് മലയാളി ഉള്‍പ്പെടെ രണ്ട് പേർ മരിച്ചു. റൗദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള മലാസ് റസ്റ്റോറന്‍റിലാണ് അപകടമുണ്ടായത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. കായംകുളം സ്വദേശി വൈക്കത്ത് പൊതുവേൽ അബ്ദുൽ അസീസ് കോയക്കുട്ടിയും തമിഴ്നാട് നാഗർകോവിൽ സ്വദേശിയുമാണ് മരിച്ചത്.

മലയാളികൾ നടത്തുന്ന റസ്റ്റോറന്‍റിന്‍റെ മുൻ ഭാഗം ഭാഗികമായി നിലംപൊത്തുകയായിരുന്നു. പാരപ്പെറ്റും സൺഷെയ്ഡും റസ്റ്റോറൻറിന്‍റെ ബോർഡും ഉള്‍പ്പെടെ തകർന്നു വീഴുകയായിരുന്നു. പ്രഭാതഭക്ഷണത്തിന് ശേഷം ഹോട്ടലിന്‍റെ മുന്നില്‍ നിന്നിരുന്നു രണ്ടുപേരും ഇതിനടിയിൽ പെടുകയായിരുന്നു സമീപത്തുണ്ടായിരുന്ന ആറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഷുമൈസി കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് എത്തി 11 മണിയോടെ മൃതദേഹങ്ങൾ ഷുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ അബ്ദുൽ അസീസ് സ്ഥിരമായി ഭക്ഷണം കഴിക്കാൻ പതിവായെത്തിയിരുന്നത് ഇവിടെയാണ്. പ്രാതലിന് ശേഷം ഹോട്ടലിന്‍റെ തിണ്ണയിലിറങ്ങി നിൽക്കുമ്പോഴായിരുന്നു അപകടം. സാമൂഹിക പ്രവർത്തകൻ കൂടിയായ അബ്ദുൽ അസീസ് റിയാദിലെ കേളി കലാസാംസ്കാരിക വേദി സെൻട്രൽ കമ്മിറ്റി അംഗവും റൗദ ഏരിയ സെക്രട്ടറിയുമാണ്. റഫിയയാണ് ഭാര്യ. രണ്ട് മക്കൾ. ആരിഫ്, ആഷിന.

RiyadhSaudirestaurantcollapse
Comments (0)
Add Comment