പ്രണയത്തിന്‍റെ പേരില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവം; രണ്ട് പേര്‍ കസ്റ്റഡിയില്‍

മലപ്പുറം: പെണ്‍കുട്ടിയെ പ്രണയിച്ചതിന്‍റെ പേരില്‍ പെരിന്തല്‍മണ്ണയില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമി സംഘത്തിലുണ്ടായിരുന്നവരാണ് ഇരുവരുമെന്ന് പരിക്കേറ്റ യുവാവ് തിരിച്ചറിഞ്ഞു. മുഴുവൻ പ്രതികളേയും ഉടൻ പിടികൂടണമെന്ന് നാഷിദ് അലിയുടെ കുടുംബം ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്ന് ഭീഷണിയുണ്ടെന്നും ഇവര്‍ പറയുന്നു. പരാതി നൽകിയതിന്‍റെ വിരോധത്തിൽ വീണ്ടും ആക്രമിക്കുമോയെന്ന ഭയമുണ്ടെന്നും നാഷിദ് അലിയുടെ കുടുംബം പോലീസിനോട് പറഞ്ഞു.

പാതായ്ക്കര സ്വദേശി ചുണ്ടംമ്പറ്റ നാഷിദ്അലി യെയാണ് ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അങ്ങാടിപ്പുറം വലമ്പൂരിലുള്ള പെണ്‍കുട്ടിയെ പ്രണയിച്ചതിന്‍റെ പേരിലാണ് ഒരു സംഘം ആളുകള്‍ നാഷിദ് അലിയെ ക്രൂരമായി മര്‍ദ്ദിച്ചത്. യുവതിയുടെ ബന്ധുക്കള്‍ അടങ്ങുന്ന സംഘമാണ് യുവാവിനെ മര്‍ദ്ദിച്ചത്.ശനിയാഴ്ച പുലര്‍ച്ചെ കാണാതായ നാഷിദ് അലിയെ ഉച്ചയോടെ സഹോദരനായ നസറുല്‍ അലി കണ്ടെത്തുകയായിരുന്നു.

ക്രൂരമായ മര്‍ദനത്തിനാണ് നാഷിദ് അലിയെ അക്രമികള്‍ വിധേയനാക്കിയത്. റയില്‍വേ ട്രാക്കിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി ഇരുമ്പ് വടി കൊണ്ട് അടിച്ചു. ഒരു വീട്ടില്‍ കൊണ്ടുപോയി കാലുകള്‍ മേല്‍പ്പോട്ട് കെട്ടി തൂക്കി ശരീരത്തില്‍ കത്തി കൊണ്ട് മുറിപ്പെടുത്തി. കാലിനടിയില്‍ തീ കൊണ്ട് പൊള്ളിച്ചതായും ആളൊഴിഞ്ഞ മലമുകളില്‍ കൊണ്ട് പോയി മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിച്ചതായും യുവാവ് പറഞ്ഞു. യുവാവിനെ മുമ്പും ഭീഷണിപ്പെടുത്തുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി വെളിപ്പെടുത്തലുണ്ട്. യുവാവിന്‍റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിനാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

perinthalmannaManhandlingmoral policing
Comments (0)
Add Comment