തോട്ടട ബോംബേറ്: രണ്ട് സിപിഎം പ്രവര്‍ത്തകർ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി, അറസ്റ്റ്

 

കണ്ണൂർ: തോട്ടടയിൽ കല്യാണ വീട്ടിലെ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കടമ്പൂർ സ്വദേശികളായ സായന്ത്, നിഷിൽ എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേരും പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ഇരുവരും സജീവ സിപിഎം പ്രവർത്തകരാണ്.

കഴിഞ്ഞ ഫെബ്രുവരി 13 നാണ് തോട്ടടയിലെ കല്യാണവീടിന്‍റെ പരിസരത്ത് വെച്ച് ബോംബേറുണ്ടായത്. ഏച്ചൂർ സ്വദേശി ജിഷ്ണുവാണ് ബോംബേറിൽ കൊല്ലപ്പെട്ടത്. ഇയാള്‍ അക്രമി സംഘത്തിൽ ഉണ്ടായിരുന്ന ആളാണ്. കൊല്ലപ്പെട്ടയാളും കേസിൽ ഇതുവരെ പിടിയിലായ എല്ലാവരും സജീവ സിപിഎം പ്രവർത്തകരാണ്.

തോട്ടടയിലെ കല്യാണവീടിന്‍റെ സമീപത്താണ് സംഭവമുണ്ടായത്. കല്യാണവീട്ടിൽ രാത്രി നടന്ന സംഗീതപരിപാടിക്കിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇത് പിന്നീട് നാട്ടുകാർ ഇടപെട്ട് പരിഹരിച്ചു. ഫെബ്രുവരി 13 രാവിലെ ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹ പാർട്ടി വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയില്ല. രണ്ടാമത്തെ ബോംബ് ലക്ഷ്യം തെറ്റി സംഘാംഗം തന്നെയായ ജിഷ്ണുവിന്‍റെ തലയിൽ പതിക്കുകയായിരുന്നു. സ്ഫോടനത്തിൽ ജിഷ്ണുവിന്‍റെ തലയോട്ടി ചിതറിത്തെറിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൃതദേഹം മണിക്കൂറുകളോളം റോഡിൽ കിടന്നു. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത മറ്റൊരു ബോംബ് കൂടി കണ്ടെടുത്തു.

Comments (0)
Add Comment