ഇടുക്കി ചെറുതോണിയിൽ വൻ കഞ്ചാവ് വേട്ട; 14 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയില്‍

 

ഇടുക്കി: ചെറുതോണിയില്‍ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. രണ്ടു കേസുകളിലായി 14 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. തങ്കമണി പുഷ്പഗിരി സ്വദേശി കലയത്തിങ്കൽ സാബു (53), ചെറുതോണി ഗാന്ധിനഗർ കോളനി സ്വദേശിയായ കാരക്കാട്ട് പുത്തൻവീട്ടിൽ അനീഷ് പൊന്നു (37) എന്നിവരാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

കഴിഞ്ഞദിവസം വർക്കലയിൽ കഞ്ചാവുമായി പിടിയിലായ പ്രതി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇടുക്കി സ്വദേശിയായ സാബുവിലേക്ക് എക്സൈസ് സംഘം എത്തിച്ചേർന്നത്. ഇയാൾ ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ച് കേരളത്തിലെ വിവിധ ജില്ലകളിൽ മൊത്ത വിതരണം നടത്തുകയായിരുന്നു. ഇന്ന് ഇത്തരത്തിൽ വിതരണത്തിനായി എത്തിച്ച 5 കിലോ 900 ഗ്രാം കഞ്ചാവുമായാണ് ഇയാളെ ഇടുക്കി ചേലച്ചുവട്ടിൽ നിന്നും എക്സൈസ് സംഘം പിടികൂടിയത്.

ഇടുക്കി ജില്ലാ ആസ്ഥാന മേഖലയിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതിൽ പ്രധാനിയാണ് അറസ്റ്റിലായ അനീഷ്. ഇയാൾക്ക് വിൽപ്പനയ്ക്കായാണ് കഞ്ചാവ് എത്തിച്ചതെന്നാണ് സാബു എക്സൈസ് സംഘത്തിന് മൊഴി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ അനീഷിന്‍റെ വീട്ടിൽ നടത്തിയ പരിശോധനായിൽ 8 കിലോ 400 ഗ്രാം കഞ്ചാവ് കണ്ടെത്തി. സമാനമായ കേസിൽ മുമ്പും അനീഷ് അറസ്‌റ്റിലായിട്ടുണ്ട്. കഞ്ചാവ് പൊതികളിലാക്കി സ്കൂൾ, കോളേജ് പരിസരങ്ങളിലും ചെറുതോണി ടൗണിലും ഇയാൾ വില്‍പന നടത്തി വരികയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.

*പ്രതീകാത്മക ചിത്രങ്ങള്‍
Comments (0)
Add Comment