ബി.ജെ.പി നേതാവിന്‍റെ മരണവാര്‍ത്തയില്‍ കമന്‍റിട്ടതിന് രണ്ടുപേര്‍ അറസ്റ്റില്‍

Jaihind Webdesk
Sunday, May 16, 2021

ഇംഫാല്‍ : സമൂഹമാധ്യമത്തില്‍ കമന്‍റിട്ടതിന് ബിജെപി ഭരിക്കുന്ന മണിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകനുള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണിപ്പൂരില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് കൊവിഡ് ബാധിച്ച് മരിച്ച വാര്‍ത്തയ്ക്ക് താഴെ കമന്‍റിട്ടതിന്‍റെ പേരിലാണ് ഇരുവരും അറസ്റ്റിലായിരിക്കുന്നത്.

കിഷോര്‍ചന്ദ്ര വാംഘേം എന്ന മാധ്യമപ്രവര്‍ത്തകനും എരെന്ത്രോ ലിഷോബ എന്ന സാമൂഹിക പ്രവര്‍ത്തകനുമാണ് അറസ്റ്റിലായത്. ഇരുവരെയും മെയ് 17വരെ പോലീസ് കസ്റ്റഡിയില്‍വിട്ടു. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച മണിപ്പൂര്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സാഘോം തികേന്ദ്ര സിംഗിനെക്കുറിച്ചുള്ള വാര്‍ത്തയിലെ കമന്‍റിനാണ് നടപടി. ‘ചാണകവും ഗോമൂത്രവും ഫലിക്കില്ല’ എന്നായിരുന്നു കമന്‍റ്. മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ചന്ദ്രയെ ഇതിന് മുമ്പും രണ്ടുതവണ സോഷ്യല്‍മീഡിയ കമന്‍റിന്‍റെ പേരില്‍ ബി.ജെ.പി ഭരിക്കുന്ന മണിപ്പൂർ സർക്കാർ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊവിഡ് പ്രതിരോധത്തിലെയും വാക്സിനേഷനിലെയും വീഴ്ച ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്റര്‍ പതിച്ചതിന് ഡല്‍ഹി പൊലീസ് കഴിഞ്ഞദിവസം  15 പേരെ അറസ്റ്റ് ചെയ്തിരുന്നു. കൊവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം തെറ്റ് ചൂണ്ടിക്കാട്ടുന്നവര്‍ക്കെതിരെ കേസെടുത്ത് നിശബ്ദരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.