ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന്‍റെ അക്കൗണ്ടിലെ ബ്ലൂ ടിക്ക് ട്വി‌റ്റർ നീക്കം ചെയ്‌തു

Jaihind Webdesk
Saturday, June 5, 2021

ന്യൂഡൽഹി : ഉപരാഷ്‌ട്രപതി എം.വെങ്കയ്യ നായിഡുവിന്‍റെ വ്യക്തിഗത അക്കൗണ്ടിലെ ബ്ളൂ ടിക്ക് ഒഴിവാക്കി ട്വി‌റ്റർ. അക്കൗണ്ട് ആധികാരികമാണെന്ന് തെളിയിക്കുന്നതിന് വേണ്ടി ട്വി‌റ്റർ സ്വീകരിക്കുന്ന മാർഗമാണ് ബ്ളൂ ടിക്ക്. ഇതുവഴി ട്വി‌റ്റർ ഉപയോഗിക്കുന്ന ഒരാൾ നേരിട്ട് വ്യക്തിയുമായി സംസാരിക്കാനും ആധികാരികത ഉറപ്പാക്കാനും കഴിയും.

എന്നാൽ ആറ് മാസത്തോളമായി അക്കൗണ്ട് ഉപയോഗിക്കാത്തതിനാലാണ് ബ്ളൂ ടിക്ക് എടുത്തുകളഞ്ഞതെന്നാണ് ട്വി‌റ്റർ നൽകുന്ന വിശദീകരണം. എന്നാൽ ഉപരാഷ്‌ട്രപതിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ബ്ളൂ ടിക്ക് നീക്കം ചെയ്‌തിട്ടില്ല. അക്കൗണ്ട് ഉപയോഗിക്കാതിരുന്നാലോ, പേരോ വിവരങ്ങളോ മാ‌റ്റിയാലോ, പദവിയിൽ നിന്ന് മാറിയാലോ അക്കൗണ്ടിലെ ബ്ളൂ ടിക്ക് സ്വമേധയാ നീക്കാൻ ട്വി‌റ്ററിന് അവകാശമുണ്ട്.

സർക്കാർ പദവിയിലുള‌ളവർ, സർക്കാരിന്‍റെ കമ്പനികൾ, ബ്രാന്‍റുകൾ, സ്വകാര്യ സംഘടനകൾ, മാദ്ധ്യമ സ്ഥാപനങ്ങൾ, മാദ്ധ്യമ പ്രവർത്തകർ, സിനിമ,സ്‌പോർ‌ട്‌സ്, ആക്‌ടി‌വിസ്‌റ്റുകൾ, രാഷ്‌ട്രീയ പ്രവർത്തകർ, സമൂഹത്തിലെ മ‌റ്റ് പ്രധാന വ്യക്തിത്വങ്ങൾ എന്നിവർക്കാണ് ട്വി‌റ്റർ ബ്ളൂ ടിക്ക് നൽകുന്നത്. ഇവരുടെ പ്രൊഫൈൽ വെരിഫൈ ചെയ്‌തതാണെന്നും തെളിയിക്കാനാണിത്.

വെങ്കയ്യ നായിഡുവിന്‍റെ അക്കൗണ്ടിലെ ബ്ളൂ ടിക്ക് നീക്കം ചെയ്യാനിടയായ സംഭവത്തിൽ ഐടി മന്ത്രാലയം ട്വി‌റ്ററിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഈ വർഷം പാസാക്കിയ വിവരസാങ്കേതിക വിദ്യ നിയമ പ്രകാരം സമൂഹമാദ്ധ്യമങ്ങളിൽ വരുന്ന പോസ്‌റ്റുകളെ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥനെ നിയമിക്കാൻ മറ്റ് സമൂഹമാദ്ധ്യമങ്ങൾ തയ്യാറായെങ്കിലും ട്വി‌റ്റർ തയ്യാറായിരുന്നില്ല. സംഭവത്തിൽ ട്വി‌റ്ററിനെതിരെ ഉചിതമായ നടപടിയുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം സംഭവം വിവാദമായതോടെ അക്കൗണ്ടിലെ ബ്ലൂ ടിക്ക് ട്വി‌റ്റർ പുനസ്ഥാപിച്ചു.