കിഴക്കമ്പലത്ത് ട്വന്‍റി-ട്വന്‍റിയുടെ റോഡ് നിർമ്മാണം മാനദണ്ഡങ്ങള്‍ പാലിക്കാതെ ; റിപ്പോർട്ട് പുറത്ത്

Jaihind Webdesk
Tuesday, August 3, 2021

കൊച്ചി : കിഴക്കമ്പലത്ത് കരാർ മാനദണ്ഡങ്ങള്‍ ലംഘിച്ച്  ട്വന്‍റി-ട്വന്‍റിയുടെ റോഡ് നിർമ്മാണം. ബി.എം.ബി.സി രീതിയില്‍ റോഡുകള്‍ പണികഴിപ്പിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് റിപ്പോര്‍ട്ട്. അസിസ്റ്റന്‍റ്  എഞ്ചിനീയറുടെയോ ഓവര്‍സിയറുടെയോ മേല്‍നോട്ടമില്ലാതെയാണ് ജോലിപൂര്‍ത്തിയാക്കിയത്. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ കരാറുകാരന്‍റെ ബില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് തടഞ്ഞുവെച്ചു. റിപ്പോർട്ടിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

ട്വൻ്റി ട്വൻ്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള റോഡുകൾ നിർമ്മിച്ചെന്നായിരുന്നു ട്വൻ്റി ട്വൻ്റിയുടെ അവകാശവാദം.എന്നാൽ ഈ നിർമ്മാണ ജോലികൾ പൂര്‍ത്തിയാക്കിയത് അസിസ്റ്റന്റ് എഞ്ചിനീയറുടെയോ ഓവര്‍സിയറുടെയോ മേല്‍നോട്ടമില്ലാതെയായിരുന്നെന്നും ഇതിന് ട്വന്‍റി ട്വന്‍റി സംഘടന കൂട്ടുനിന്നെന്നുമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. നേരത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട് നാട്ടുകാരും ട്വൻ്റി ട്വൻ്റി നേതൃത്വവുമായി നിരവധി തവണ സംഘർഷങ്ങളുണ്ടായിരുന്നു. അശാസ്ത്രീയമായ റോഡ് നിർമാണത്തിന് സ്ഥലം വിട്ട് നൽകാത്തവരെ സ്വാധീനിച്ചും സ്വാധീനത്തിന് വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയുമാണ് പലയിടത്തും സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്.

എന്നാൽ റോഡ് നിർമ്മാണത്തിന് സംസ്ഥനത്ത് നിലവിലുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ കരാറുകാരന്റെ ബില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് തടഞ്ഞുവെച്ചിരിക്കുകയാണ്. ബിൽ മാറികിട്ടാത്തതിനെ തുടർന്ന് പരാതി നൽകിയ കരാറുകാരന് തദ്ദേശ സ്വയംഭരണ വകുപ്പ് മറുപടി രൂപത്തില്‍ നല്‍കിയ റിപ്പോര്‍ട്ടാണ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചിരിക്കുന്നത്. പഞ്ചായത്ത് ഭരണസമിതി കരാർ നൽകിയ റോഡ് പണി പൂര്‍ത്തിയായിട്ടും തുക ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കരാറുകാര്‍ പൊതുമരാമത്ത് വകുപ്പിനും തദ്ദേശസ്വയംഭരണ വകുപ്പിനും കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ നടന്ന വിശദമായ അന്വേഷണത്തിലാണ് റോഡ് നിർമ്മാണത്തിൽ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടതായി കണ്ടെത്തിയത്.

പഞ്ചായത്തിലെ അഞ്ച് റോഡുകളുടെ നിര്‍മാണത്തിലാണ് കരാര്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടത്. അപാകതയെ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് തയാറായിരുന്നില്ല. കൂടാതെ കിഴക്കമ്പലത്തെ ബസ്സ്റാന്‍റ് വണ്‍വേ റോഡ് പുനരുദ്ധാരണം നടപ്പിലാക്കിയതും കരാറിന് വിരുദ്ധമായാണ്. പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെയാണ് ബസ് സ്റ്റാന്റ് പൊളിച്ചുമാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. കിഴക്കമ്പലത്ത് പ്രവർത്തിക്കുന്ന കിറ്റക്ക്സ് കമ്പനിയിലേക്ക് എത്തുന്ന വാഹനങ്ങൾക്ക് സുഖമമായ യാത്ര ഒരുക്കുന്നതിനാണ് റോഡ് നിർമ്മാണം നടത്തിയത് എന്ന് നാട്ടുകാർ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ റിപ്പോർട്ട് പുറത്ത് വന്നതോടെ നാട്ടുകാരുടെ പരാതി ശരിയായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്.