സ്വർണ്ണക്കടത്ത് : സ്വപ്നയും സന്ദീപും എന്‍.ഐ.എ കസ്റ്റഡിയില്‍; നിർണായക വഴിത്തിരിവ്

Jaihind News Bureau
Saturday, July 11, 2020

 

ബംഗളുരു : സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും സന്ദീപും പിടിയില്‍. ബംഗലുരുവില്‍ നിന്നാണ് ഇവരെ എന്‍.ഐ.എ പിടികൂടിയത്. ആറ് ദിവസത്തിന് ശേഷമാണ് ഇവരെ കസ്റ്റഡിയിലെടുക്കുന്നത്. നാളെ ഇവരെ കൊച്ചി എന്‍.ഐ.എ ഓഫീസിലെത്തിക്കും.

കേസില്‍ രണ്ടാം പ്രതിയാണ് സ്വപ്നാ സുരേഷ്. സന്ദീപ് നാലാം പ്രതിയും. എന്‍.ഐ.എയുടെ ഹൈദരാബാദ് യൂണിറ്റാണ് ഇരുവരെയും പിടികൂടിയത്. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് എന്‍.ഐ.എ ഇവരെ കുടുക്കിയതെന്നാണ് സൂചന. കേസില്‍ വളരെ നിർണായകമായ വഴിത്തിരിവുണ്ടാക്കുന്നതാണ് ഇരുവരുടെയും അറസ്റ്റ്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

കേസിലെ മുഖ്യപ്രതികളായ ഇരുവരും ഒരുമിച്ചാണ് ഒളിവില്‍ പോയത്.സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ കറങ്ങിയതിന് ശേഷമാണ് ഇരുവരും ബംഗളുരുവിലെത്തിയത്. കുടുംബത്തിനൊപ്പം ഒളിവില്‍ പോയ സ്വപ്നയ്ക്കൊപ്പം മറ്റ് ചിലരും കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. രണ്ടു ദിവസമായി രണ്ടായി പിരിഞ്ഞ് കേരളത്തിലെത്തി കീഴടങ്ങാനുള്ള ശ്രമത്തിലായിരുന്നു സ്വപ്‌നയും സന്ദീപുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായര്‍ കേസിലെ നാലാം പ്രതിയാണ്. ബംഗളുരു പോലീസിന്‍റെയും മധുരയിലെ കസ്റ്റംസ് ഡിവിഷന്‍റെയും സഹായത്തോടെയാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്ത്. ഇരുവരും ഒരുമിച്ചാണ് ഒളിവില്‍ പോയതെന്നും തുടര്‍ന്ന് മൈസൂര്‍, ബംഗളുരു ഭാഗങ്ങളില്‍ കറങ്ങുകയായിരുന്നു എന്നാണ് വിവരം. സന്ദീപ് സേലം-പൊള്ളാച്ചി-അതിരപ്പള്ളി വഴി കേരളത്തിലെത്താനും സ്വപ്നാ സുരേഷ് ഗൂഡല്ലൂര്‍-പെരിന്തല്‍മണ്ണ വഴി കേരളത്തിലെത്താനുമായിരുന്നു പദ്ധതിയിട്ടിരുന്നതെന്നാണ്‌അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

ഇന്നലെ വൈകിട്ടോടെ ഇരുവരുമുള്ള സ്ഥലം മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രണ്ടുപേരെയും രാത്രി 7 മണിയോടെ കസ്റ്റഡിയിലെടുക്കുകയും വെവ്വെറെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അതേ സമയം ലോക്ക്ഡൗൺ കാലത്ത് അതിർത്തി ചെക്ക് പോസ്റ്റുകൾ കടക്കാൻ ഇവർക്ക് ആരാണ് സഹായം നൽകിയത് എന്ന ചോദ്യവും ഉയർന്നുകഴിഞ്ഞു.