ബംഗളുരു: കർണാടക കൊപ്പൽ ജില്ലയിലെ തുംഗ ഭദ്ര ഡാമിന്‍റെ ഒരു ഷട്ടർ തകർന്നു. 35,000 ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുകിയത്. നാല് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ് നൽകി. ഡാമിന്‍റെ 33 ഷട്ടറുകളും ഉയർത്തി പരമാവധി വെള്ളം പുറത്തേക്ക് ഒഴുക്കാൻ ശ്രമം തുടരുന്നു.
തീരദേശ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് തുംഗഭദ്ര അണക്കെട്ടിലേക്ക് അമിതമായി വെള്ളം ഒഴുകിയെത്തിയിരുന്നു. അണക്കെട്ടിന്‍റെ ആകെ സംഭരണശേഷി 133 ടിഎംസി ആണെങ്കിലും ഇതിൽ 33 ടിഎംസി നിലവിൽ ചെളി നിറഞ്ഞതിനാൽ 100 ടിഎംസി സംഭരണ ശേഷിയേ ഡാമിനുള്ളു. പരമാവധി ശേഷിയായ 100 ടിഎംസി വരെ നിറഞ്ഞതിനാൽ അണക്കെട്ടിന്‍റെ ക്രസ്റ്റ് ഗേറ്റുകൾ വഴി അധിക വെള്ളം തുറന്നുവിട്ടിരുന്നു.
എന്നാൽ ശനിയാഴ്ച രാത്രി അണക്കെട്ടിന്‍റെ 19-ാം ക്രസ്റ്റ് ഗേറ്റിന്‍റെ ചങ്ങല പൊട്ടുകയായിരുന്നു. ഇതോടെ നദിയിലേക്ക് 35,000 ക്യുസെക്സ് വെള്ളത്തിന്‍റെ അനിയന്ത്രിതമായ ഒഴുക്കുണ്ടായി. പിന്നാലെ അണക്കെട്ടിന്‍റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഡാമിന്റെ 33 ഗേറ്റുകളും തുറന്നുവിട്ടു. എംഎൽഎമാരും എംപിമാരും തുംഗഭദ്ര ബോർഡ് വിദഗ്ധരും അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ നദിയിലേക്ക് രണ്ട് ലക്ഷം മുതൽ മൂന്ന് ലക്ഷം ക്യുസെക്‌സ് വരെ വെള്ളം തുറന്നുവിടാൻ തീരുമാനിച്ചിരുന്നു. ഒരുലക്ഷത്തോളം ക്യൂസക്‌സ് വെള്ളം ഇതിനകം പുറത്തേക്ക് ഒഴുക്കിവിട്ടതായാണ് വിവരം.
ബല്ലാരി, കൊപ്പൽ, ഹോസ്‌പേട്ട്, റായ്ച്ചൂർ എന്നീ ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളതിനാൽ ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗേറ്റ് നമ്പർ 19 ന്‍റെ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിന് മുമ്പ് ഏകദേശം 65 ടിഎംസി വെള്ളം തുറന്നുവിടേണ്ടതുണ്ടെന്ന് കൊപ്പൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി ശിവരാജ് തംഗദഗി അറിയിച്ചു.