മന്ത്രിയുടെ വാദം പൊളിയുന്നു; സർവ്വകലാശാല അദാലത്തുകളിൽ ഇടപെട്ടിട്ടില്ലെന്ന കെ.ടി.ജലീലിന്‍റെ വാദം പൊളിയുന്നു; അദാലത്തുകളുടെ മാർഗനിർദേശം തയ്യാറാക്കിയത് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; ഉന്നത വിദ്യാഭാസ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി നേരിട്ട് കുറിപ്പ് നൽകി. രേഖകളുടെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന്

സർവ്വകലാശാലകളിൽ അദാലത്ത് നടത്തുന്നത് സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങളും ഫയലുകൾ മന്ത്രിക്ക് സമർപ്പിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളും അടങ്ങിയ കുറിപ്പ് തയ്യാറാക്കിയത് മന്ത്രി കെ.ടി ജലീലിന്‍റെ ഓഫീസിൽ. ഇത് സംബന്ധിച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഒപ്പിട്ടു ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്ക് നൽകിയ കുറിപ്പ് പുറത്ത്. ഇതോടെ അദാലത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവകലാശാലകൾക്ക് അയച്ച കത്ത് മന്ത്രിയുടെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമായി. രേഖകളുടെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന്.

സർവകലാശാലകളിലെ അദാലത്തുകളിൽ ഉന്നത വിദ്യാഭാസ വകുപ്പ് മന്ത്രി കെ.ടി ജലീലും അദ്ദേഹത്തിന്‍റെ ഓഫീസും നടത്തിയ അനധികൃത ഇടപെടലിന്‍റെ കടുതൽ വിവരങ്ങളും ശക്തമായ തെളിവുകളുമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സർവ്വകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായ നിർദേശങ്ങൾ ഉത്തരവിൽ ഉൾപെടുത്താൻ ഉന്നത വിദ്യാഭ്യസ വകുപ്പ് സെക്രട്ടറി വിസമ്മതിച്ച സാഹചര്യത്തിലാണ് മന്ത്രി നേരിട്ട് തന്നെ സെക്രട്ടറിക്ക് കുറിപ്പ് നൽകിയത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ഡോ കെ.ഷെറഫുദീനാണ് മന്ത്രിയുടെ നിർദേശപ്രകരം കുറിപ്പ് തയ്യാറാക്കിയത്.

അദാലത്തുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ സർവ്വകലാശാലകളോട് മന്ത്രി നിർദേശിച്ചിട്ടുണ്ട് എന്ന ആ മുഖത്തോടെയാണ് പ്രൈവറ്റ് സെക്രട്ടറിയുടെ കുറിപ്പ് തുടങ്ങുന്നത്. അദാലത്ത് ഏത് രീതിയിൽ നടത്തണമെന്ന തടക്കുള്ള കാര്യങ്ങളും ഇതിൽ വ്യക്തമാക്കുന്നുണ്ട്. അദാലത്ത് മുഖേനെ തീർപ്പാക്കിയ ഫയലുകളുടെ വിശദാംശങ്ങൾ അന്നേ ദിവസം തന്നെ മന്ത്രിക്ക് നൽകണമെന്നും അദാലത്ത് ദിവസം വരെയുള്ള പുരോഗതി റിപ്പോർട്ട് എല്ലാ ആഴ്ചയും നൽകണമെന്നും ഉത്തരവിൽ പറയുന്നു. സർവകലാശാല ചട്ടം അനുസരിച്ച് ചാൻസലറായ ഗവർണറുടെ അഭാവത്തിൽ മാത്രമെ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സർവ്വകലാശാലയുടെ പ്രവർത്തനത്തിൽ ഇടപെടാൻ അധികാരമുള്ളു. അതിന് തന്നെ കർശനമായ വ്യവസ്ഥകളും ഉണ്ട്. എന്നാൽ എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തി കെ.ടി.ജലീൽ സർവ്വകലാശാലകളുടെ അദാലത്തിൽ അനധികൃതമായി ഇടപെട്ടു എന്ന് ഈ രേഖകൾ വ്യക്തമാക്കുന്നു. കേരള, കാലിക്കറ്റ് സർവകലാശാലകളുടെയും കേരള സാങ്കേതിക സര്‍വ്വകലാശാലയുടെയും അദാലത്തുകളിലാണ് ജലീൽ പങ്കെടുത്തത്. മറ്റ് സർവകലാശാലകളിൽ മന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പിലേയും ഉദ്യോഗസ്ഥന്മാർ ആണ് പങ്കെടുത്തത്. വിവാദമായ മാർക്ക്‌ ദാനങ്ങൾ നടന്നത് ഈ അദാലത്തിൽ ആയിരുന്നു.

സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാദവകുപ്പിന്‍റെ അദാലത് എന്ന ആശയം ആദ്യമായാണ് നടപ്പിലാക്കിയത്. ഇത് മന്ത്രിക്ക് സർവ്വകലാശാല ഭരണത്തിൽ ആധിപത്യം ഉറപ്പിക്കാനാണെന്ന് വ്യക്തം. ഇക്കാര്യത്തിൽ മന്ത്രിയുടെ പ്രത്യേക താല്പര്യമാണ് പ്രൈവറ്റ് സെക്രട്ടറിയുടെ കുറിപ്പിലൂടെ പുറത്തായത്.

ചാൻസിലർ കൂടിയായ ഗവർണറുടെ അനുമതി കൂടാതെ അദാലത്തുകളിൽ പങ്കെടുത്ത്‌ വിസി ഉൾപ്പടെയുള്ളവർക്ക്‌ നിർദേശം നൽകിയ മന്ത്രിയുടെ നടപടി അധികാരപരിധി വിട്ടുള്ളതാണെന്ന് ഗവർണറുടെ സെക്രട്ടറി നൽകിയ കുറിപ്പിൽ വ്യക്തമാക്കിയിരിന്നു.

KT Jaleel
Comments (0)
Add Comment