ബന്ധു നിയമനത്തിന് പുറകെ ഭാര്യയുടെ ഉദ്യോഗക്കയറ്റം കെ.ടി.ജലീലിന് വിനയാകുന്നു

Jaihind Webdesk
Friday, November 9, 2018

youth-Congress-KT-Jaleel

മന്ത്രി  കെ.ടി ജലീലിനെതിരെ ബന്ധു നിയമനത്തിന് പുറകെ ഭാര്യയുടെ ഉദ്യോഗക്കയറ്റവും വിവാദത്തിൽ. വിദ്യാഭ്യാസ ചട്ടങ്ങൾ ലംഘിച്ചാണ് മന്ത്രിയുടെ ഭാര്യയെ  വളാഞ്ചേരി ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പളായി നിയമിച്ചതെന്ന്  യൂത്ത് കോൺഗ്രസ് ആരോപിച്ചു.

30.4.2016ന് മലപ്പുറം വളാഞ്ചേരി ഹയർസെക്കണ്ടറി സ്കൂളിൽ വിരമിച്ച പ്രിൻസിപ്പലിനു പകരമായിട്ടാണ്  1.5.2016ന് മന്ത്രി കെ.ടി ജലീലിന്‍റെ ഭാര്യ എൻ.പി ഫാത്തിമകുട്ടിയെ പ്രിൻസിപ്പലായി നിയമിച്ചത്.

ഹയർസെക്കണ്ടറി സ്പെഷ്യൽ റൂൾ പ്രകാരം 12വർഷത്തെ ഹയർ ടീച്ചിംഗ് പരിചയമാണ് പ്രിൻസിപ്പൽമാർക്കുള്ള അടിസ്ഥാനയോഗ്യത. ഈ ചട്ടങ്ങൾ ലംഘിച്ചാണ് മന്ത്രി പത്നിയെ നിയമിച്ചതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂർ മലപ്പുറത്ത് ആരോപിച്ചു.

സീനിയോറിറ്റി മാനദണ്ഡപ്രകാരം 27.8.1998ന് സർവ്വീസിൽ പ്രവേശിച്ച ഒന്നിലധികം അദ്ധ്യാപകരുണ്ടിവിടെ. ഈ സാഹചര്യത്തിൽ ജനനതിയ്യതിയാണ് പരിഗണിക്കുക.ഇതും ലംഘിക്കപ്പെട്ടുവെന്ന് തെളിവു നിരത്തി സിദ്ദിഖ് പന്താവൂർ പറഞ്ഞു.

ഇതേ മാനേജ്മെന്‍റിന് കീഴിലെ മറ്റൊരു സ്കൂളിൽ അധിക പ്ലസ്ടു ബാച്ച് അനുവദിച്ചത് ഈ അനധികൃതനിയമനത്തിന്‍റെ പ്രത്യുപകാരമാണെന്നും അദ്ദേഹം ആരോപിച്ചു.

മന്ത്രി പത്നി എന്ന ആനുകൂല്യമാണ് നിയമനത്തിന് പുറകിൽ ഇത് ഗുരുതര സത്യപ്രതിജ്ഞാലംഘനമാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മലപ്പുറത്ത് പറഞ്ഞു.