‘സീബ്രാ ലൈന്‍ വരയ്ക്കുന്നതിന് ഇടപെടല്‍’ ; വി.കെ പ്രശാന്തിന് അഭിവാദ്യമർപ്പിച്ച് ഫ്ലക്സ്  ബോര്‍ഡ് ; ട്രോള്‍വർഷം

Jaihind News Bureau
Thursday, December 3, 2020

 

തിരുവനന്തപുരം : റോഡില്‍ സീബ്രാ ലൈന്‍ വരയ്ക്കുന്നതിന്  ഇടപെടല്‍ നടത്തിയ വി.കെ പ്രശാന്ത് എംഎല്‍എക്ക് അഭിവാദ്യമർപ്പിച്ച്  ഫ്ലക്സ്  ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ വര്‍ഷം. എംഎല്‍എയ്ക്കെതിരെ വ്യാപക പരിഹാസമാണ് ഉയരുന്നത്. വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ‘നീറുന്ന പ്രശ്നത്തിന്’ പരിഹാരം കണ്ടെത്തിയ എംഎല്‍എയ്ക്ക് അഭിവാദ്യങ്ങളെന്നാണ് ട്രോള്‍ പങ്കുവെച്ച് ഒരാള്‍ കുറിച്ചത്. വികസനങ്ങളൊന്നും ഉയർത്തിക്കാട്ടാനില്ലാത്തതിനാല്‍ ഇത്തരം പ്രവൃത്തികളിലൂടെ വികസനനായകനെന്ന പേര് സമ്പാദിക്കാനാണ് വി.കെ പ്രശാന്ത് ശ്രമിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ വിമർശനം ഉയരുന്നു.

ലൈഫ് മിഷൻ പദ്ധതിയിലൂടെ നിർമിച്ചതെന്ന സൂചന നൽകി വീടിന്‍റെ ചിത്രം പോസ്റ്റ് ചെയ്തതിലൂടെയും എംഎല്‍എ നേരത്തെ ട്രോളുകള്‍ക്കിരയായിരുന്നു.  ‘നമ്മുടെ സർക്കാർ’ എന്ന തലക്കെട്ടോടെ ഇട്ട പോസ്റ്റിൽ ടാര്‍പോളിന്‍ ഉപയോഗിച്ചിരുന്ന പഴയ വീടും പുതിയ ടെറസ് വീടിന്റെയും ഫോട്ടോകളാണ് ഉപയോഗിച്ചിരുന്നത്.

എന്നാൽ പിന്നാലെ കമന്റുമായി വീട്ടുകാരന്‍‌ തന്നെ രംഗത്തെത്തി. വീട് സര്‍ക്കാർ തന്നതല്ലെന്നും ഞങ്ങള്‍ കൂലിപ്പണി ചെയ്തുണ്ടാക്കിയതാണെന്നും ആയിരുന്നു കമന്റ്. ചിത്രത്തിലുള്ളത് തന്റെ അച്ഛനും അമ്മയുമാണെന്നും ഒന്നും അറിയാതെ പോസ്റ്റ് ഇടരുതെന്നും കമന്റില്‍ പറഞ്ഞിരുന്നു. പിന്നാലെ   പോസ്റ്റ് പിന്‍വലിച്ച് എംഎല്‍എ തടിയൂരി.