തീപ്പെട്ടി വാങ്ങാനും ആർ.ടി.പി.സി.ആർ ; ട്രോളുകളില്‍ നിറഞ്ഞ് സർക്കാരിന്‍റെ പുതിയ ‘പരിഷ്കാരങ്ങള്‍’

Jaihind Webdesk
Thursday, August 5, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് കടകളില്‍ പ്രവേശിക്കാന്‍ വാക്സിന്‍ സർട്ടിഫിക്കറ്റടക്കം നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിനെതിരെ വിമർശനവും ട്രോള്‍ വർഷവും. ഒരു രൂപയുടെ തീപ്പെട്ടി വാങ്ങാന്‍ 600 രൂപ കൊടുത്ത് ആർ.ടി.പി.സി.ആർ എടുക്കണമെന്ന് പറയുന്നവരെ എന്ത് ചെയ്യണമെന്ന് സമൂഹമാധ്യമങ്ങളില്‍ ചോദ്യംഉയരുന്നു.  ഒരു ഡോസ് വാക്സിന്‍ പോലും സ്വീകരിക്കാത്ത നിരവധി പേർ സംസ്ഥാനത്തുള്ളപ്പോള്‍ ഇവരെങ്ങനെ നിത്യോപയോഗസാധനങ്ങള്‍ വാങ്ങിക്കുമെന്ന് കൂടി സർക്കാർ വിശദീകരിക്കണമെന്നും വിമർശനമുണ്ട്.

അതേസമയം സർക്കാർ തീരുമാനത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ അടക്കമുള്ളവർ രംഗത്തെത്തി. തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ഇത്തരം നിബന്ധന ഇല്ലെന്നും അദ്ദേഹം പരിഹസിച്ചു. കൊവിഡ് വാക്‌സിനേഷനില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനമാണ് കേരളം. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ളതും കേരളത്തിലാണ്. വാക്‌സിന്‍ സ്വീകരിക്കാന്‍ വലിയ ശതമാനം പേര്‍ ഇനിയും ബാക്കിയുണ്ട്. സര്‍ക്കാരിന്റെ പോരായ്മയാണിത്. അതിന്റെ ഉത്തരവാദിത്തം സാധാരണക്കാരനുമേല്‍ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നിബന്ധനകള്‍ക്കെതിരെ വ്യാപാരികളും രംഗത്തെത്തി. അശാസ്ത്രീയമായ മാനദണ്ഡങ്ങൾ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. കടകള്‍ ആഴ്ചയില്‍ ആറു ദിവസം തുറക്കാന്‍ അനുവദിച്ചതിനെ സ്വാഗതം ചെയ്യുമ്പോഴും കടകളിലേക്ക് വരുന്നവര്‍ വാക്സിന്‍ സ്വീകരിച്ചിരിക്കണമെന്നും സര്‍ട്ടിഫിക്കറ്റ് കൈവശം കരുതണമെന്നുമുള്ള നിര്‍ദേശങ്ങളൊക്കെ തിരിച്ചടിയാകുമെന്ന നിലപാടിലാണ് വ്യാപാരികള്‍. പൊലീസ് ശക്തമായ പരിശോധന കൂടി തുടങ്ങിയാല്‍ കടകളിലേക്ക് ആളുകള്‍ എത്താന്‍ മടിക്കുമെന്നും ഇത് വിപരീത ഫലമുണ്ടാക്കുമെന്നുമാണ് വ്യാപാരികളുടെ പ്രതികരണം.