രണ്ടക്ഷരം വായിക്കാനായില്ല, എംഎല്‍എയെന്ന് കരുതി തടഞ്ഞത് എം.പിയെ; പരിഹാസ്യരായി ഡിവൈഎഫ്‌ഐ, വൈറലായി വീഡിയോ

Jaihind News Bureau
Thursday, June 25, 2020

 

മഞ്ചേശ്വരം എംഎല്‍എ എം.സി കമറുദ്ധീനെന്ന് തെറ്റിദ്ധരിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ വാഹനം തടഞ്ഞ്  വെട്ടിലായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. കുമ്പളയില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് എം.പിയുടെ വാഹനത്തിനു മുന്നില്‍ എം.സി കമറുദ്ധീനെതിരെ മുദ്രാവാക്യം മുഴക്കി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. വാഹനത്തിനു മുന്നില്‍ ‘എം.പി’ ബോര്‍ഡ് ഉണ്ടായിരുന്നിട്ടും തിരിച്ചറിയാതെ പ്രവര്‍ത്തകര്‍  മുദ്രാവാക്യം മുഴക്കി നിലയുറപ്പിക്കുകയായിരുന്നു.

ഒടുവില്‍ വാഹനത്തിനുള്ളില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയെ കണ്ടതോടെ അമളി പിണഞ്ഞെന്ന്  മനസ്സിലാക്കിയ പ്രവര്‍ത്തകര്‍ സ്ഥലത്തു നിന്നും തടിയൂരി. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ‘എം.പിയേയും എംഎല്‍എയേയും’ തിരിച്ചറിയാത്ത ഡിവൈഎഫ്ഐക്കാര്‍ക്കെതിരെ വ്യാപക പരിഹാസമാണ് ഉയരുന്നത്.

അതേസമയം സംഭവത്തില്‍ ഡിവൈഎഫ്‌ഐയെ പരിഹസിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി രംഗത്തെത്തി. തന്റെ വാഹനത്തില്‍ എം.പിയെന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിരുന്നു. അത് വായിച്ച് മനസിലാക്കാനുള്ള അക്ഷരജ്ഞാനം പ്രവര്‍ത്തകര്‍ക്കില്ലാതെപോയി. ഇത്തരം പ്രതിഷേധങ്ങള്‍ക്കിറങ്ങുമ്പോള്‍ അക്ഷരജ്ഞാനമുള്ളവരെ പറഞ്ഞയക്കണമെന്നും അദ്ദേഹം ഡിവൈഎഫ്ഐയോട് ആവശ്യപ്പെട്ടു. ഇത്തരക്കാര്‍ക്കായി തന്‍റെ വാഹനത്തിലെ എം.പി ബോര്‍ഡ് മലയാളത്തിലാക്കാമെന്നും അദ്ദേഹം പരിഹസിച്ചു.