‘മേഘസിദ്ധാന്ത’ത്തിലെ ട്രോള്‍ മഴയുടെ കുളിരാറും മുന്നെ മോദിക്ക് ഡിജിറ്റല്‍ ക്യാമറ ട്രോള്‍

Jaihind Webdesk
Monday, May 13, 2019
ഇന്ത്യയില്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച ആദ്യ വ്യക്തി താനാണെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ സൈബര്‍ ലോകത്ത് ട്രോള്‍ പെരുമഴ. മോദിയുടെ ‘മേഘസിദ്ധാന്ത’ത്തിലെ ട്രോളുകള്‍ അവസാനിക്കും മുന്നെയാണിപ്പോള്‍ ഡിജിറ്റല്‍ ക്യാമറ പരാമര്‍ശം വിമര്‍ശനത്തിനും പരിഹാസത്തിനും കാരണമാകുന്നത്. ‘ഇന്‍ക്രെഡിബിള്‍ ലയര്‍’ എന്ന പട്ടവും സോഷ്യല്‍ മീഡിയ മോദിക്ക് ചാര്‍ത്തിനല്‍കി.

ഇന്ത്യയില്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച ആദ്യ വ്യക്തി താനാണെന്നായിരുന്നു മോദിയുടെ അവകാശവാദം. 1987-88 കാലഘട്ടത്തില്‍ തന്നെ താന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചിട്ടുണ്ടെന്ന് മോദി ഒരു അഭിമുഖത്തിനിടെ പറഞ്ഞതാണ് ഇപ്പോള്‍ പരിഹാസ്യമാകുന്നത്. ഇ മെയിലിലൂടെ ചിത്രം അയച്ചതുകണ്ട് അദ്വാനി ഞെട്ടിയതായും മോദി തട്ടിമൂളിച്ചു. അഹമ്മദാബാദില്‍വെച്ച് മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ ഫോട്ടോ ഈ ക്യാമറ ഉപയോഗിച്ച് താന്‍ പകര്‍ത്തിയെന്നും അത് ഇ മെയില്‍ വഴി ഡല്‍ഹിയിലേക്ക് അയച്ചെന്നും മോദി അവകാശപ്പെട്ടു. പിറ്റേന്ന് ഡല്‍ഹിയില്‍ തന്‍റെ കളര്‍ഫോട്ടോ പ്രിന്‍റ് ചെയ്തുകണ്ട അദ്വാനി അത്ഭുതപ്പെട്ടെന്നും മോദി പറഞ്ഞു. പൊതു ആവശ്യത്തിനായുള്ള ഇന്‍റര്‍നെറ്റ് സേവനം ആരംഭിച്ചതുതന്നെ 1995ലാണ് എന്നിരിക്കെയാണ് മോദിയുടെ അവകാശവാദം. അതിനുമുമ്പ് ഇന്‍റര്‍നെറ്റും ഇ-മെയിലുമൊക്കെ ഗവേഷണം പോലെയുള്ള മേഖലകളിലായി നിയന്ത്രിച്ചിരുന്നു.

നിക്കോണിന്‍റെ ആദ്യ ഡിജിറ്റല്‍ ക്യാമറ വിപണിയിലെത്തിയത് 1987ലാണ്. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ പോലുമാകാത്ത വിലയാണ് ക്യാമറയ്ക്ക് നല്‍കേണ്ടിയിരുന്നത്. 37 വയസ് പ്രായത്തില്‍ മോദി ആദ്യത്തെ ഡിജിറ്റല്‍ ക്യാമറ സ്വന്തമാക്കി എന്നത് മോദിയുടെ ജീവിതം അറിയാവുന്നവര്‍ക്ക് അതിശയോക്തിക്ക് വകനല്‍കുന്നതാണ്.  ദാരിദ്ര്യത്തില്‍ നിന്നും ഉയര്‍ന്നുവന്നയാളാണ് താനെന്ന് ഇടയ്ക്കിടെ പറയുന്ന മോദിയ്ക്ക് എങ്ങനെയാണ് ഇത് വാങ്ങാന്‍ കഴിഞ്ഞതെന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ ഉയരുന്നു.

ബലാകോട്ട് എയര്‍ സ്ട്രൈക്കുമായി ബന്ധപ്പെട്ട് നടത്തിയ മോദിയുടെ പരാമര്‍ശത്തില്‍ വലിയ പരിഹാസമാണ് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ നേരിടേണ്ടിവന്നത്. മേഘങ്ങളുള്ളപ്പോള്‍ ആക്രമണം നടത്തിയാല്‍ റഡാറില്‍ പെടാതെ രക്ഷപ്പെടാനാകുമെന്ന് നിര്‍ദേശിച്ചത് താനാണെന്നായിരുന്നു മോദി പറഞ്ഞത്. ഇത് തീര്‍ത്തും വിവരക്കേടാണെന്ന് ചൂണ്ടിക്കാട്ടി വിദഗ്ധര്‍ ഉള്‍പ്പെടെ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് ഈ പരാമര്‍ശം ഉള്‍പ്പെട്ട പോസ്റ്റ് ബി.ജെ.പി മുക്കുകയായിരുന്നു. ഇതേ അഭിമുഖത്തില്‍ തന്നെയാണ് മോദി ഡിജിറ്റല്‍ ക്യാമറ പരാമര്‍ശവും നടത്തിയത്.

teevandi enkile ennodu para