വാസുകിയുടെ ദീര്‍ഘ അവധി സര്‍ക്കാരുമായുള്ള ഭിന്നതയെത്തുടര്‍ന്ന്

Jaihind Webdesk
Tuesday, June 11, 2019

തിരുവനന്തപുരം കളക്ടര്‍ കെ.വാസുകി ഐ.എ.എസ് നീണ്ട അവധിയില്‍ പ്രവേശിച്ചത് സംസ്ഥാന സര്‍ക്കാരുമായുള്ള അഭിപ്രായ ഭിന്നതകളേ തുടര്‍ന്നെന്ന് സൂചന. ആറു മാസത്തേക്കാണ് കളക്ടര്‍ അവധിയെടുത്തിരിക്കുന്നത്. കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമായി വാസുകി തന്റെ ലീവിന്റെ കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.  കളക്ടറും സര്‍ക്കാരും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടെന്ന് നേരത്തെ മുതല്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെയാണ് വാസുകി അപ്രതീക്ഷിത അവധിയില്‍ പ്രവേശിക്കല്‍ നടപടിയുമായി രംഗത്തെത്തിയത്.

തിരുവനന്തപുരത്തെ ജനങ്ങള്‍ക്കുള്ള വിടവാങ്ങല്‍ സന്ദേശം എന്ന വരികളോടെയായിരുന്നു വാസുകിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജില്ലയുടെ ചുമതല വഹിച്ചത് മറക്കാനാകാത്ത അനുഭവമാണെന്നും ഇതുവരെ നല്‍കിയ പിന്തുണകള്‍ക്ക് നന്ദിയെന്നും പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്.   സര്‍ക്കാരിന്റെ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതിയോട് കളക്ടര്‍ നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം എന്ന നിലപാടായിരുന്നു വാസുകിക്ക്. ഇതുള്‍പ്പടെയുള്ള വിയോജിപ്പുകളാണ് അവധിക്ക് കാരണമെന്നാണ് വിവരം.   നേരത്തെ, പ്രളയ സമയത്തുള്‍പ്പെടെയുള്ള വാസുകിയുടെ ഇടപെടലുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു.