നിയമന അംഗീകാരവും വേതനവും ഇല്ല; പ്രവേശനോത്സവവും തെരുവു ക്ലാസുമൊരുക്കി പ്രതിഷേധിച്ച് ഒരു കൂട്ടം അദ്ധ്യാപകര്‍

അധ്യയനവർഷാരംഭത്തിനു മുന്നേ പ്രവേശനോത്സവവും തെരുവു ക്ലാസുമൊരുക്കി പ്രതിഷേധിക്കുകയാണ് ഒരു കൂട്ടം അദ്ധ്യാപകര്‍. വർഷങ്ങളായി ജോലി ചെയ്തിട്ടും നിയമന അംഗീകാരവും വേതനവും ലഭിക്കാത്ത എയ്ഡഡ് സ്കൂൾ അദ്ധ്യാപകരാണ് തൃശ്ശൂരിൽ ഇത്തരത്തിലൊരു വ്യത്യസ്ഥ സമരവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

തൃശൂര്‍ കോര്‍പ്പറേഷന്‍റെ മുന്നിലാണ് തെരുവ് ക്ലാസും പ്രവേശനോത്സവവും ഒരുക്കിയുള്ള പ്രതീകാത്മക സമരവുമായി നിയമന അംഗീകാരം ലഭിക്കാത്ത എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകര്‍ രംഗത്ത് എത്തിയിരിക്കുന്നത്. കെഇആര്‍ ഭേദഗതി മൂലം 2016 മുതല്‍ നിയമനം ലഭിച്ചിട്ടും ഒരു രൂപ പോലും ശമ്പളം ലഭിക്കാതെയാണ് ഇവര്‍ ജോലി ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശനോത്സവം ആഘോഷമാക്കുമ്പോള്‍ മറു വശത്ത് ഒരു പറ്റം അദ്ധ്യാകര്‍ കുടുംബം പോറ്റുന്നതിനായി മറ്റു ജോലികള്‍ ചെയ്യേണ്ട അവസ്ഥയിലാണ്. നാലു വര്‍ഷമായി വേതനമില്ലാതെ ജോലി ചെയ്യുന്ന ഈ അദ്ധ്യാപകരുടെ വിഷയത്തില്‍ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ഒരു തീരുമാനം ഉണ്ടാക്കണമെന്ന് ടീച്ചേഴസ് ഗില്‍ഡ് സംസ്ഥാന സെക്രട്ടറി ജോഷി വടക്കന്‍ പറഞ്ഞു.

പൊതു വിദ്യാഭ്യാസ യജ്ഞത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ മേഖല ശാക്തീകരിക്കപ്പെടുമ്പോള്‍ ഒരു ഭാഗത്ത് പഠിപ്പിക്കാന്‍ അദ്ധ്യാപകരില്ലാത്ത അവസ്ഥയും മറുഭാഗത്ത് ജോലി ചെയ്യുന്ന അദ്ധ്യാപകര്‍ക്ക് വേതനമില്ലാത്ത അവസ്ഥയുമാണ് സംസ്ഥാനത്തുള്ളത്. ഭിക്ഷാടന സമരം ഉള്‍പ്പെടെ നടത്തിയിട്ടും വിദ്യാഭ്യാസ വകുപ്പിന്‍റെ ഭാഗത്ത് യാതൊരു നടപടിയും ഈ അദ്ധ്യാപകര്‍ക്ക് അനുകൂലമായി ഉണ്ടായില്ല. വിഷയത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ പുതിയ സമരമുറകളുമായി മുന്നോട്ട് പോകുവാനാണ് ഇവരുടെ തീരുമാനം.

TrissurProtestTeacher
Comments (0)
Add Comment