തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; നഗരം പൂർണമായും അടയ്ക്കും; പൊതുഗതാഗതം അനുവദിക്കില്ല

തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരും. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ഒരാഴ്ചത്തേക്കാണ് ലോക്ക്ഡൗൺ. സമ്പർക്കത്തിലൂടെ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്‍റെ തീരുമാനം. ക്ലിഫ് ഹൗസിൽ നടന്ന ഉന്നതതല യോഗത്തിൽ ഡിജിപിയും ചീഫ് സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു

ട്രിപ്പിൾ ലോക്ക്ഡൗണിന്‍റെ ഭാഗമായി നഗരം പൂർണമായും അടച്ചിടും. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും അടയ്ക്കും. പൊലീസ് ആസ്ഥാനം മാത്രമാകും പ്രവർത്തിക്കുക. അനാവശ്യമായി ആരും പുറത്തിറങ്ങാൻ പാടില്ലെന്നാണ് നിർദേശം. നഗരത്തിൽ പ്രവേശിക്കാൻ ഒറ്റ വഴി മാത്രം ഏർപ്പെടുത്തും. സിറ്റി, വികാസ്ഭവൻ, പേരൂർക്കട, പാപ്പനംകോട്, തിരുവനന്തപുരം സെൻട്രൽ കെഎസ്ആർടിസി ഡിപ്പോകൾ അടയ്ക്കും.

ഒരാഴ്ചത്തേക്ക് തിരുവനന്തപുരം ജില്ലയിലെ കോടതികളിൽ കേസുകൾ പരിഗണിക്കില്ല. ജാമ്യം ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ ഓൺലൈൻ വഴിയാവും പരിഗണിക്കുക. പൊതുഗതാഗതം ഉണ്ടാവില്ല. എല്ലാ ആശുപത്രികൾ പ്രവർത്തിക്കും.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂര്‍ണ്ണമായും അടയ്ക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നഗരത്തിലുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ല.

കോര്‍പ്പറേഷന്‍ മേഖലയില്‍ ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്കുകടകള്‍ എന്നിവ മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള ഒരു സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും ഇക്കാലയളവില്‍ തുറന്നു പ്രവര്‍ത്തിക്കില്ല.

നഗരത്തിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡുകളിലും എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ച് പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കും. ഏതുവിധത്തിലുള്ള സഹായം ആവശ്യപ്പെടുന്നതിനും താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.


സ്റ്റേറ്റ് പോലീസ് കണ്‍ട്രോള്‍ റൂം – 112
തിരുവനന്തപുരം സിറ്റി പോലീസ് കണ്‍ട്രോള്‍ റൂം – 0471 2335410, 2336410, 2337410
സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂം – 0471 2722500, 9497900999
പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് കൊവിഡ് കണ്‍ട്രോള്‍ റൂം – 9497900121, 9497900112

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ആകെ രോഗം സ്ഥിരീകരിച്ച 27 പേരില്‍ 22 പേര്‍ക്കും സമ്പര്‍ക്കംവഴിയാണ് എന്ന് സ്ഥിരീകരിച്ചതോടെയാണ് ആശങ്ക പാരമ്യത്തിലായത്. ജില്ലയില്‍ ഉറവിടമറിയാത്ത കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നതും അതിജാഗ്രത അവശ്യമെന്ന സൂചനയാണ് നല്‍കുന്നതെന്നും സ്ഥിതി അതീവഗൗരവമാണെന്നും മേയര്‍ കെ.ശ്രീകുമാര്‍ പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ തിരുവനന്തപുരം നന്തൻകോടുള്ള ആസ്ഥാന ഓഫീസും കോർപ്പറേഷൻ പരിധിയിലുള്ള ദേവസ്വം ബോർഡിൻ്റെ മറ്റ് ഓഫീസുകളും നാളെ മുതൽ ഒരാഴ്ചത്തേക്ക് പ്രവർത്തിക്കുന്നതല്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു അറിയിച്ചു.കോർപ്പറേഷനിലെ ട്രിപ്പിൾ ലോഗ് ഡൗൺ കണക്കിലെടുത്താണ് ഇത്.

നിലവിലെ കെ.എസ്.ആർ.ടി.സി. സർവ്വീസ് സ്ഥിതി

സിറ്റി, വികാസ്ഭവൻ, പേരൂർക്കട, പാപ്പനംകോട്, സെൻട്രൽ , വിഴിഞ്ഞം, ചീഫ് ഓഫീസ്, തിരുവനന്തപുരം സെൻട്രൽ വർക്സ് ഷോപ്പ് (പാപ്പനംകോട്) എന്നിവ പ്രവർത്തിക്കില്ല.

എന്‍.എച്ച് വഴി വരുന്ന സർവീസുകൾ കണിയാപുരത്ത് അവസാനിപ്പിക്കും.

എം.സി റോഡു വഴി സർവീസുകൾ വട്ടപ്പാറ അവസാനിപ്പിക്കും.

നെടുമങ്ങാട് നിന്ന് വരുന്ന സർവീസുകൾ അഴിക്കോട് അവസാനിപ്പിക്കും.

നെയ്യാറ്റിൻകരയിൽ നിന്നും വരുന്ന സർവീസുകൾ പ്രാവച്ചമ്പലത്ത് അവസാനിപ്പിക്കും.

പുവ്വാർ നിന്ന് വരുന്ന സർവീസുകൾ ചപ്പാത്ത് അവസാനിപ്പിക്കും.

Comments (0)
Add Comment