മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കി ; വ്യവസായ സ്ഥാപനങ്ങള്‍ 50 % ജീവനക്കാരോടെ തുറക്കാം, സംസ്ഥാനത്ത് ഇളവുകള്‍

Jaihind Webdesk
Saturday, May 29, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടിയെങ്കിലും അധിക ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് 30 മുതൽ മലപ്പുറത്തെ ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ കർശനമായി തുടരും. കയര്‍, കശുവണ്ടി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ വ്യവസായ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ മിനിമം ജീവനക്കാരെ ഉപയോഗിച്ച് തുറന്നുപ്രവര്‍ത്തിക്കാം. ജീവനക്കാരുടെ എണ്ണം 50 ശതമാനത്തിന് മുകളിലാകാന്‍ പാടില്ല.

ബാങ്കുകള്‍ നിലവിലുള്ളതിന് സമാനമായി ആഴ്ചയില്‍ മൂന്നു ദിവസം തന്നെ പ്രവര്‍ത്തിക്കും. അതേസമയം പ്രവര്‍ത്തി സമയം വൈകിട്ട്‌ അഞ്ചു മണി വരെയാക്കി ദീര്‍ഘിപ്പിച്ചു. വ്യവസായ സ്ഥാപങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും നല്‍കുന്ന സ്ഥാപനങ്ങളും കടകളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അഞ്ചു മണി വരെ പ്രവര്‍ത്തിക്കാനും അനുമതി നല്‍കി. വിഭ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍, വിവാഹ ആവശ്യത്തിനുള്ള ടെക്‌സ്റ്റൈല്‍, സ്വര്‍ണ്ണം, പാദരക്ഷ എന്നിവ വില്‍ക്കുന്ന കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 5 മണി വരെ തുറക്കാം. കള്ള് ഷാപ്പുകളിൽ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പാഴ്സൽ നൽകാം. പാഴ്വസ്തുക്കൾ സൂക്ഷിക്കുന്ന കടകൾ ആഴ്ചയിൽ രണ്ട് ദിവസം പ്രവർത്തിക്കാം.

ലോക്ക്ഡൗൺ ഇളവിന്‍റെ ഭാഗമായി പല ദിവസങ്ങളിലും പല സ്ഥാപനങ്ങളും തുറക്കും. അവിടെ എത്തുന്നവരും ജീവനക്കാരും കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. സ്ഥാപനങ്ങൾ തുറക്കും മുമ്പ് അണുവിമുക്തമാക്കണം. സ്ഥാപനത്തിന്‍റെ വലിപ്പത്തിനനുസരിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. സാനിറ്റൈസർ ഉപയോഗിക്കണം, മാസ്ക് ധരിക്കണം.  ഇത് പാലിക്കാത്ത കടയുടമകൾക്കും ഉപഭോക്താക്കൾക്കുമെതിരെ അറസ്റ്റ് അടക്കമുള്ള നടപടി സ്വീകരിക്കും. മരുന്ന് കടകൾക്ക് മുന്നിൽ നിയന്ത്രണം പാലിക്കാതെയാണ് ആളുകൾ കൂട്ടം കൂടുന്നത്. ഇത് തടയാൻ പൊലീസ് നടപടി സ്വീകരിക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും ഇത് സംബന്ധിച്ച് നിർദ്ദേശം പാലിക്കാത്തവർക്ക് എതിരെ കർശന നടപടിയുണ്ടാകും.