നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ ; കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍; അതിര്‍ത്തികള്‍ അടച്ചു, കര്‍ശന പരിശോധന

 

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളില്‍ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ  വന്നു. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് 7 ദിവസത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ജില്ലാ അതിര്‍ത്തികളെല്ലാം അടച്ചു. പ്രധാന റോഡുകളൊഴികെയുള്ള എല്ലാ റോഡുകളും പൊലീസ് അടച്ചു. ജനസഞ്ചാരം നിയന്ത്രിക്കാന്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. അതിർത്തികളിലും ഇടറോഡുകളിലും അടക്കം പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഹോട്ടലുകളില്‍ നിന്ന് ഹോം ഡെലിവറി മാത്രമേ ഉണ്ടാകു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കാനാണ് നിർദ്ദേശം.

ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴം, പച്ചക്കറി, പാൽ, മാംസം, മത്സ്യം, കാലിത്തീറ്റ, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവ തിങ്കൾ മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടുവരെ പ്രവർത്തിക്കാം.

പാൽ, പത്രവിതരണം രാവിലെ എട്ടിനുമുമ്പ്‌ പൂർത്തിയാക്കണം.
റേഷൻകടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ, പാൽ ബൂത്തുകൾ തുടങ്ങിയവ അഞ്ചുമണി വരെ പ്രവർത്തിക്കാം.

ഹോട്ടലുകളും റെസ്റ്റോറന്‍റുകളും രാവിലെ ഏഴുമുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കുമാത്രമായി തുറക്കാം. ടേക്ക് എവേയും
പാഴ്‌സൽ സർവീസും അനുവദിക്കില്ല.

മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, എ.ടി.എമ്മുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എല്ലാദിവസവും പ്രവർത്തിക്കും.

അവശ്യവസ്തുക്കൾ അടുത്തുള്ള കടയിൽനിന്ന്‌ വാങ്ങണം.

ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പത്തുമുതൽ ഒന്നുവരെ പ്രവർത്തിക്കാം.

സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പ്രവർത്തിക്കും. ഇ-കൊമേഴ്‌സ്,

അവശ്യവസ്തുക്കളുടെ ഡെലിവറി ഏഴുമുതൽ രണ്ടുവരെ ആയിരിക്കും.

മറ്റ് നിയന്ത്രണങ്ങൾ

ജില്ലയിലേക്ക്‌ പ്രവേശിക്കുന്നതും പുറത്തേക്കുപോകുന്നതും നിയന്ത്രിക്കും. ചരക്കുഗതാഗതം, അവശ്യസേവനങ്ങൾ എന്നിവയ്ക്കുമാത്രമേ സംസ്ഥാനാന്തരഗതാഗതം അനുവദിക്കൂ. കൊവിഡ് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

മാധ്യമപ്രവർത്തകർക്ക്‌ ജില്ലയിലേക്കുപ്രവേശിക്കാനും വിട്ടുപോകാനും പോലീസിന്‍റെ പ്രത്യേക പാസ് വേണം. വീട്ടുജോലിക്കാർ, ഹോംനഴ്‌സ് തുടങ്ങിയവർക്ക് ഓൺലൈൻ പാസ് നിർബന്ധം. ഇലക്ട്രോണിക്, പ്ലമ്പിംഗ് ജോലികൾ ചെയ്യുന്ന ടെക്‌നീഷ്യന്മാർക്കും പാസ് നിർബന്ധം. pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കണം. ട്രിപ്പിൾ ലോക്ക്ഡൗണുള്ള ജില്ലകളുടെ അതിർത്തികൾ അടച്ചാണ് നിയന്ത്രണം.

തിരുവനന്തപുരം നഗരത്തിലേക്കു കടക്കാന്‍ ആറു വഴികള്‍ മാത്രം. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യസര്‍വീസ് വിഭാഗങ്ങള്‍ക്കും വരുന്നതും പോകുന്നതും ആറു വഴികളിലൂടെ മാത്രമായി നിയന്ത്രിച്ചു. നഗരാതിര്‍ത്തികളായ മറ്റ് 20 സ്ഥലങ്ങള്‍ പോലീസ് പൂര്‍ണ്ണമായും അടച്ചിട്ടുണ്ട്.

കഴക്കൂട്ടം സ്റ്റേഷന്‍ പരിധിയിലെ വെട്ടുറോഡ്, മണ്ണന്തലയിലെ മരുതൂര്‍, പേരൂര്‍ക്കട-വഴയില, പൂജപ്പുര-കുണ്ടമണ്‍കടവ്, നേമം-പള്ളിച്ചല്‍, വിഴിഞ്ഞം സ്റ്റേഷന്‍ പരിധിയിലെ ചപ്പാത്ത് എന്നീ സ്ഥലങ്ങളാണ് തിരുവനന്തപുരം നഗരത്തിലേക്കുള്ള പ്രവേശനകവാടങ്ങള്‍. പുറത്തേക്കു പോകാനും ഇതുവഴി മാത്രമേ കഴിയുകയുള്ളൂ. അതോടൊപ്പം നഗരത്തിലെ ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയും ഓരോ ക്ലസ്റ്ററായി തിരിച്ച് അതിര്‍ത്തികള്‍ ബാരിക്കേഡ് വെച്ച് അടച്ചിട്ടുണ്ട്. ഇവിടങ്ങളിലും അത്യാവശ്യ യാത്രകള്‍ക്ക് പ്രവേശനകേന്ദ്രങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. .

Comments (0)
Add Comment