വോട്ടെടുപ്പിനിടെ ബംഗാളില്‍ തൃണമൂല്‍-ബിജെപി സംഘര്‍ഷം; വെടിവെപ്പില്‍ 4 മരണം

Jaihind Webdesk
Saturday, April 10, 2021

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ നാലാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം. കൂച്ച് ബെഹാറില്‍ തൃണമൂല്‍, ബി.ജെ.പി. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടർന്ന് കേന്ദ്രസേന നടത്തിയ വെടിവെപ്പില്‍ നാലു പേര്‍ മരിച്ചു. തങ്ങളുടെ അഞ്ചു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

കൂച്ച് ബെഹാറിലെ സിതാല്‍ കുച്ചി മണ്ഡലത്തിലാണ് വലിയ സംഘര്‍ഷമുണ്ടായത്. സംഘർഷം മൂർച്ഛിച്ചതോടെ സിതാല്‍ കുച്ചിയിലെ ജോര്‍പത്കിയിലുള്ള ബൂത്ത് നമ്പര്‍ 126-ല്‍ സുരക്ഷയിലുണ്ടായിരുന്ന കേന്ദ്രസേന വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു.

എട്ടു ഘട്ടങ്ങളിലായി നടക്കുന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടമാണ് ഇന്ന് നടക്കുന്നത്. ഹൗറ, ഹൂഗ്ലി, കൂച്ച് ബെഹാര്‍ അടക്കമുള്ള അഞ്ചു ജില്ലകളിലെ മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ആകെയുള്ള 294 മണ്ഡലങ്ങളില്‍  എട്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.