കെവിൻ വധക്കേസിൽ മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരം ഇന്നും തുടരും. കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം തിരിച്ചറിയുന്നത് ഉൾപ്പെടെയുള്ള നടപടികളും നടക്കും. ദുരഭിമാനകൊലയുടെ വിഭാഗത്തിൽ പരിഗണിക്കുന്നതിനാൽ ജൂൺ 6 വരെ തുടർച്ചയായാണ് വിചാരണ നടപടികൾ.
കെവിനും അനീഷും താമസിച്ചിരുന്ന വീട് ആക്രമിച്ചതിന് തലേദിവസം പ്രതികൾ ഗാന്ധിനഗറിൽ റൂമെടുത്ത് താമസിച്ച ഹോട്ടൽ ഉടമയോടും, കെവിന്റെ പിതാവ് ജോസഫിനോടും ഇന്ന് ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. അനീഷിന്റെ വിസ്താരം പൂർത്തിയായ ശേഷമാകും മറ്റു സാക്ഷികളുടെ വിസ്താരം ആരംഭിക്കുക. കേസിലെ 14 പ്രതികളുടെ അഭിഭാഷകരും അനീഷിനെ വിസ്തരിച്ചു.
പോലീസ് നൽകിയ മൊഴികളുടെ വൈരുദ്ധ്യത്തിന് പുറമേ അനീഷിന്റെ കാഴ്ചശക്തിയിൽ പ്രതിഭാഗം സംശയം പ്രകടിപ്പിച്ചു. ആദ്യ ദിനത്തിലെ പ്രോസിക്യൂഷൻ വിസ്താരത്തിനിടയിൽ മുഖ്യ പ്രതി ഷാനു ചാക്കോ ഉൾപ്പടെ 7 പ്രതികളെ അനീഷ് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ നീനുവിന്റെ പിതാവ് ചാക്കോ ഉൾപ്പടെ മൂന്ന് പ്രതികളെ തിരിച്ചറിയാൻ അനീഷിനായില്ല. കെവിനെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച വാഹനത്തിന്റെ തിരിച്ചറിയൽ നടപടികൾ ഉൾപ്പെടെ ഇന്ന് നടക്കും.