ട്രെന്‍ഡാകുന്ന ‘ഇന്ത്യ’; ഉപതിരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിയില്‍ ഞെട്ടി ബിജെപി

 

ന്യൂഡല്‍ഹി: ബിജെപി കേന്ദ്രങ്ങളിലെ ഞെട്ടിച്ച് ഉപതിരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടി. ഉപതിരഞ്ഞെടുപ്പ് നടന്ന 13 നിയമസഭാമണ്ഡലങ്ങളില്‍ പത്തും ഇന്ത്യാ സഖ്യം നേടിയത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. രണ്ടിടത്ത് മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. ഉപതിരഞ്ഞെടുപ്പ് ഫലം, വരാനിരിക്കുന്ന ട്രെന്‍ഡിനെ സൂചിപ്പിക്കുന്നതാണെന്നാണ് വിലയിരുത്തല്‍.

ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഏഴു സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റുകൾ പോലും നഷ്ടപ്പെട്ടത് ബിജെപിയെ പരിഭ്രാന്തിപ്പെടുത്തുന്നുണ്ട്. മഹാരാഷ്ട്ര, ഹരിയാന ജാർഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതിരഞ്ഞെടുപ്പ് വിജയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യാ സഖ്യത്തിന്‍റെ പോരാട്ടവീര്യം മോദിയെയും കൂട്ടരെയും ആശങ്കപ്പെടുത്തുന്ന ഘടകം തന്നെയാണ്. തിരിച്ചടി മണക്കുന്ന ബിജെപി നാലു സംസ്ഥാനങ്ങളില്‍ ഇക്കൊല്ലം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ മെനയാനുള്ള നീക്കത്തിലാണ്.

അതേസമയം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യാ സഖ്യത്തിന്‍റെ നീക്കങ്ങള്‍. ബിജെപി നെയ്ത ഭയത്തിന്‍റെയും ആശയക്കുഴപ്പത്തിന്‍റെയും വല തകർക്കുന്നതാണ് ഏഴു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. മതത്തെ ഉപയോഗിച്ച് രാഷ്ട്രീയ കളിക്കുന്ന ബിജെപിക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് കെ.സി. വേണുഗോപാലും പറഞ്ഞു. ജനങ്ങളുടെ ശബ്ദമായി നിലകൊണ്ട് വരും തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ മുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനത്തിലാണ് ഇന്ത്യാ മുന്നണി.

Comments (0)
Add Comment