വനംകൊള്ള വിവാദം : മന്ത്രി കെ രാജനേയും ചന്ദ്രശേഖരനേയും കാനം വിളിച്ചുവരുത്തി

Jaihind Webdesk
Monday, June 14, 2021


തിരുവനന്തപുരം : മരംമുറി വിവാദത്തിൽ അടിയന്തരയോഗം ചേർന്ന് സി പി ഐ. പാർട്ടി ആസ്ഥാനമായ എം എൻ സ്‌മാരകത്തിലേക്ക് റവന്യൂ മന്ത്രി കെ രാജനേയും മുൻമന്ത്രി ഇ ചന്ദ്രശേഖരനേയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിളിച്ചുവരുത്തി. മരംകൊള്ളയുമായി ബന്ധപ്പെട്ട് ഇരുവരിൽ നിന്നും വിശദീകരണം തേടിയതായാണ് വിവരം.

ഇരുവരും എം എൻ സ്‌മാരകത്തിലെത്തി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്‌ച നടത്തുകയാണ്. ബിനോയ് വിശ്വം എം പിയും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്‌ക്കും മരംമുറി വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കാനം രാജേന്ദ്രൻ പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയിരുന്നു. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമെന്ന് പറഞ്ഞാണ് കാനം ഒഴിഞ്ഞുമാറിയത്. ഇതിനുപിന്നാലെ വിമർശനം ശക്തമായതോടെയാണ് അദ്ദേഹം യോഗം വിളിച്ചിരിക്കുന്നത്. സി പി ഐ ഭരിച്ച വകുപ്പുകളായ വനവും റവന്യൂവുമാണ് കേസിന്‍റെയും വിവാദത്തിന്‍റെയും പ്രഭവകേന്ദ്രങ്ങള്‍.

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിലേക്ക് വഴിവച്ച നിലംനികത്തല്‍ വിവാദത്തിന്‍റെ പേരില്‍ സി പി ഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുക പോലും ചെയ്‌തിരുന്നു. എന്നാല്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോ പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാടുകള്‍ തുറന്നുപറയുന്ന ബിനോയ് വിശ്വമോ കൃഷിമന്ത്രി പി പ്രസാദോ ഇക്കാര്യത്തില്‍ പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല. സി പി എം അടക്കം മറ്റേതെങ്കിലും ഘടകകക്ഷിയുടെ വകുപ്പ് കേന്ദ്രീകരിച്ചാണ് വിവാദമുയര്‍ന്നതെങ്കില്‍ ഇതാകുമായിരുന്നോ സി പി ഐ നിലപാടെന്നതാണ് പ്രധാന ആക്ഷേപം.