കൊവിഡ് രോഗികളല്ലാത്തവര്‍ക്കും മികച്ച ചികിത്സ ഉറപ്പാക്കണം; യുപി സര്‍ക്കാരിനോട് പ്രിയങ്ക ഗാന്ധി

Jaihind News Bureau
Sunday, June 7, 2020

 

ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗര്‍ഭിണി  മരണപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കൊവിഡ് രോഗികളല്ലാത്ത രോഗികള്‍ക്കും മികച്ച ചികിത്സ ഉറപ്പാക്കാനുളള നടപടികള്‍  സര്‍ക്കാര്‍ സ്വീകരിക്കണെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

മറ്റ് രോഗികളെ അവഗണിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഇത് ഒരു മുന്നറിയിപ്പാണെന്നും ഇത്തര സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ യുപി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി  കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

30 വയസുകാരിയായ നീലമാണ് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം  മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് വിജേന്ദര്‍ സിങ് ആംബുലന്‍സ് സംഘടിപ്പിച്ച് സാധാരണ ചികില്‍സ തേടുന്ന ശിവാലിക് ആശുപത്രിയിലെത്തിയെങ്കിലും ബെഡ് ഇല്ലെന്ന് കാരണം ചൂണ്ടിക്കാട്ടി പ്രവേശനം നിഷേധിക്കുകയായിരുന്നു.

തുടര്‍ന്ന് ഇ.എസ്.ഐ ആശുപത്രി, ശാരദ, ഫോര്‍ട്ടിസ്, മാക്സ്, ജെപി തുടങ്ങിയ ആശുപത്രികളിലുമെത്തി. എല്ലാവരും ചികിത്സ നിഷേധിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ മജിസ്ട്രേട്ട് അറിയിച്ചു. രണ്ടാഴ്ച മുന്‍പ് സമാനമായ സംഭവത്തില്‍ ചികില്‍സ കിട്ടാതെ നോയിഡയില്‍ നവജാതശിശു മരിച്ചത് വിവാദമായിരുന്നു.