ട്രഷറി മോഡല്‍ തട്ടിപ്പ് വീണ്ടും ; വെട്ടിച്ചത് നിർധനർക്കുള്ള ലക്ഷങ്ങളുടെ ധനസഹായം

Jaihind Webdesk
Friday, April 9, 2021

തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും ട്രഷറി മോഡൽ തട്ടിപ്പ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടികജാതി വികസന വകുപ്പ് ഓഫീസിലാണ് വഞ്ചിയൂര്‍ ട്രഷറി മോഡല്‍ സാമ്പത്തിക തട്ടിപ്പ് നടന്നത്. തട്ടിപ്പിൽ കോർപറേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു.

പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ധനസഹായം ഉദ്യോഗസ്ഥര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി ലക്ഷങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതൽ മാർച്ച് മാസം വരെ തട്ടിയത് 7 ലക്ഷത്തോളം രൂപയാണ്. നിർധനർക്ക് വിവാഹ ആവശ്യങ്ങൾക്കും പഠനത്തിനുമായി അനുവദിച്ച തുകയാണ് ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തിയത്.

ധനസഹായത്തിനുള്ള അപേക്ഷ അംഗീകരിച്ചാല്‍ അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുന്നത്. ഇങ്ങനെ പണം അനുവദിച്ചപ്പോള്‍ അപേക്ഷകന്‍റെ ബാങ്ക് അക്കൗണ്ടിന് പകരം ഉദ്യോഗസ്ഥര്‍ അവരുടെ ബന്ധുക്കളുടെ അക്കൗണ്ട് എഴുതി ചേര്‍ത്തു. അങ്ങനെ പണം അപേക്ഷകന് പകരം സ്വന്തക്കാരുടെ അക്കൗണ്ടിലേക്ക് കൈമാറിയായിരുന്നു തട്ടിപ്പ്. ജില്ലാ ഓഫീസറുടെ അന്വേഷണത്തിലാണ് ഗുരുതരമായ ക്രമക്കേട് പുറത്ത് വന്നത്. സംഭവത്തിൽ സീനിയർ ക്ലർക്ക് യു.ആർ രാഹുൽ, ഫീൽഡ് പ്രൊമോട്ടർ സംഗീത എന്നിവർക്കെതിരെ മ്യൂസിയം പോലീസ് കേസ് എടുത്തിട്ടുണ്ട്. സംഗീത രണ്ടേമുക്കാൽ ലക്ഷത്തോളം രൂപയും രാഹുൽ നാല് ലക്ഷത്തോളം രൂപയും തട്ടിപ്പിലൂടെ കൈക്കലാക്കിയെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.