ട്രഷറി തട്ടിപ്പ്: കേസ് എടുത്തിട്ട് നാല് ദിവസം; ബിജുലാലിനെ പിടികൂടാനാകാതെ പൊലീസ്

Jaihind News Bureau
Wednesday, August 5, 2020

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജു ലാലിനെ ഇനിയും പിടികൂടാനാകാതെ പൊലീസ്. കേസെടുത്ത് നാല് ദിവസമായിട്ടും ബിജുലാലിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമലതല. പ്രതി തമിഴ്‌നാട്ടിലെ ബന്ധുവീട്ടിലേക്ക് കടന്നതായാണ് സൂചന. അതിനിടെ തട്ടിപ്പില്‍ ട്രഷറി ഡയറക്ടറേറ്റിലെ ഹാര്‍ഡ് ഡിസ്‌കുകളും പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനമായി.

അതേസമയം ട്രഷറി തട്ടിപ്പ് നടന്നത് ഏഴുമാസം കൊണ്ടെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. 2019 ഡിസംബര്‍ 23 മുതല്‍ ജൂലൈ 31 വരെയുള്ള വിവിധ ദിവസങ്ങളില്‍ പണം വകമാറ്റി.  ബിജുലാല്‍ ഭാര്യയുടേത് ഉള്‍പ്പെടെ മൂന്ന് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയത്.

മെയ് 31ന് വിരമിച്ച ഉദ്യോഗസ്ഥന്‍റെ പാസ്‍വേഡ് ഉപയാഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ജൂലൈ 27നാണ് പണം മോഷ്ടിച്ചത്. സർക്കാർ അക്കൗണ്ടിൽ നിന്ന് തന്‍റെ ട്രഷറി അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും ഘട്ടംഘട്ടമായി ഉദ്യോഗസ്ഥൻ പണം മാറ്റി. തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം രേഖകള്‍ ഉദ്യോഗസ്ഥന്‍ ഡിലീറ്റാക്കി. എന്നാല്‍ പണം കൈമാറ്റത്തിനുള്ള ഡേ ബുക്കില്‍ 2 കോടിയുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്.