കുഴിച്ചപ്പോള്‍ കിട്ടിയത് കുംഭം, ബോംബെന്ന് കരുതി ദൂരേക്ക് എറിഞ്ഞു; വീണുടഞ്ഞപ്പോള്‍ നിധിശേഖരം

 

കണ്ണൂർ: ചെങ്ങളായിൽ നിന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിച്ച നിധി ശേഖരം പുരാവസ്തു വകുപ്പ് പരിശോധിക്കും. ആഭരണങ്ങളുടേയും പതക്കങ്ങളുടേയും കാലപ്പഴക്കം നിശ്ചയിക്കും. തൊഴിലുറപ്പ് ജോലിക്കിടെ മഴക്കുഴി നിർമ്മിക്കുന്നതിനിടെയാണ് നിധികുംഭം ലഭിച്ചത്. ഇതിനിടെ ഇന്നലെ നിധി ലഭിച്ചതിനു സമീപത്തുനിന്ന് വീണ്ടും നാണയങ്ങൾ ലഭിച്ചു നാല് വെള്ളി നാണയങ്ങളും ഒരു മുത്തുമണിയുമാണ് ലഭിച്ചത്.

കണ്ണൂർ ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവണ്‍മെന്‍റ് സ്കൂളിനടുത്തു സ്വകാര്യ ഭൂമിയിൽ മഴക്കുഴി എടുത്തു കൊണ്ടിരിക്കെ ചേലോറ സുലോചനയുടെ നേതൃത്വത്തിലുള്ള 18 തൊഴിലാളികൾക്കാണ് നിധി ലഭിച്ചത്. ആദ്യം ബോംബെന്നു കരുതി പേടിച്ച തൊഴിലാളികള്‍ പാത്രം മാറ്റിവെച്ചു. വൈകുന്നേരത്തോടെ പാത്രം ദൂരേക്ക് വലിച്ചെറിഞ്ഞു. പാത്രം പൊട്ടിയപ്പോൾ പുറത്തു വന്നത് നിധിയുടെ ശേഖരം!

17 മുത്തുമണികൾ, 13 സ്വർണ്ണ പതക്കങ്ങൾ, കാശുമാലയുടെ ഭാഗമെന്നു കരുതുന്ന 4 പതക്കങ്ങൾ, പഴയകാലത്തെ 5 മോതിരങ്ങൾ, ഒരു സെറ്റ് കമ്മൽ, ഒട്ടേറെ വെള്ളിനാണയങ്ങൾ എന്നിവയാണ് നിധികുംഭത്തില്‍ ഉണ്ടായിരുന്നത്. തുടർന്ന് തൊഴിലാളികള്‍ കാട്ടിയത് മാതൃകാപരമായ പ്രവർത്തനം. വിവരം പഞ്ചായത്തിലറിയിക്കുകയും തുടർന്ന് നിധി പോലീസിന് കൈമാറുകയും ചെയ്തു.

ശ്രീകണ്ഠാപുരം എസ്ഐ എം.വി. ഷിജുവിന്‍റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം നിധി കസ്റ്റഡിയിലെടുത്ത് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. പുരാവസ്തു വകുപ്പിന്‍റെ പരിശോധനയിൽ മാത്രമേ ഇവ നിധിയാണെന്ന് സ്ഥിരീകരിക്കാനാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ഇന്നു രാവിലെയും കുഴിച്ചെടുത്തതിന്‍റെ സമീപത്തു നിന്നും വീണ്ടും നാണയങ്ങൾ ലഭിച്ചു. നാല് വെള്ളി നാണയങ്ങളും ഒരു മുത്തുമണി എന്നിവയുമാണ് ലഭിച്ചത്. നിധി കിട്ടിയതറിഞ്ഞ് ധാരാളം ആളുകൾ സ്ഥലത്ത് എത്തുന്നുണ്ട്. ആഭരണങ്ങൾക്ക് 200 വർഷത്തിലേറെ പഴക്കം കാണില്ലെന്നാണ് പുരാവസ്തു വകുപ്പിന്‍റെ പ്രാഥമിക നിഗമനം.

Comments (0)
Add Comment