സംസ്ഥാനത്ത് ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം

Jaihind Webdesk
Thursday, May 27, 2021

 

തിരുവനന്തപുരം : കേരളത്തില്‍ ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം. ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെയാണ് ട്രോളിംഗ് നിരോധനം. 52 ദിവസമാണ് നിരോധനം. ജൂണ്‍ ഒമ്പതിന് വൈകുന്നേരത്തോടെ ട്രോളിംഗ് ബോട്ടുകള്‍ എല്ലാം കടലില്‍ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈന്‍ എന്‍ഫോഴ്‌സ്മെന്‍റും കോസ്റ്റല്‍ പോലീസും ഉറപ്പാക്കണം. ട്രോളിംഗ് നിരോധനം ലംഘിക്കുന്ന ട്രോള്‍ ബോട്ടുകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. ട്രോളിംഗ് നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വളളങ്ങളോടൊപ്പം ഒരു കാരിയര്‍ വളളം മാത്രമേ അനുവദിക്കൂ. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പ്രോട്ടോക്കോള്‍ പാലിച്ച് തന്നെ മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനം, വിപണനം എന്നിവ തടസപ്പെടാതിരിക്കാന്‍ പൊലീസ് ശ്രദ്ധിക്കും. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിംഗ് നിരോധനം തുടങ്ങുന്നതിനുമുമ്പ് കേരള തീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കും. ട്രോളിംഗ് നിരോധന കാലയളവിൽ ഇൻബോർഡ് വളളങ്ങളോടൊപ്പം ഒരു കാരിയർ വളളം മാത്രമേ അനുവദിക്കൂ.

ഹാർബറുകളിലും ലാന്‍ഡിംഗ് സെന്‍ററുകളിലും കൊവിഡ് പശ്ചാത്തലത്തിൽ മത്സ്യം കൈകാര്യം ചെയ്യാൻ ഏർപ്പെടുത്തിയ മാർഗ്ഗ നിർദ്ദേശങ്ങൾ ട്രോളിംഗ് നിരോധന കാലയളവിലും ബാധകമായിരിക്കും. കടൽ സുരക്ഷയുടെയും, തീര സുരക്ഷയുടെയും ഭാഗമായി കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികൾക്കും ബയോമെട്രിക് ഐ.ഡി കാർഡ്/ആധാർ കാർഡ്, ലൈഫ് ജാക്കറ്റ് എന്നിവ കരുതിയിട്ടുണ്ട് എന്ന് ഉറപ്പാക്കണം. ഏകീകൃത കളർ കോഡിംഗ് നടത്തിയിട്ടില്ലാത്ത ബോട്ടുകൾ ട്രോളിംഗ് നിരോധന കാലയളവിൽ തന്നെ അടിയന്തിരമായി കളർ കോഡിംഗ് നടത്തണം.

നിരോധന കാലയളവിൽ കടൽരക്ഷാ പ്രവർത്തനങ്ങൾ വേണ്ടിവരുമ്പോൾ ഫിഷറീസ് വകുപ്പ്മറൈൻ എൻഫോഴ്സ്മെന്‍റ്, കോസ്റ്റൽ പോലീസ് എന്നിവ ഏകോപനത്തോടെ പ്രവർത്തിക്കണം. ട്രോളിംഗ് നിരോധന കാലയളവിൽ സൗജന്യ റേഷൻ, നിലവിലെ ഭക്ഷ്യകിറ്റ് വിതരണം എന്നിവ ഊർജിതമാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരമുള്ള തുകവിതരണം വേഗത്തിലാക്കും.