ശബരിമല വിധി തിരു. ദേവസ്വംബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് എതിരായ പുനഃപരിശോധനാ ഹർജി നൽകുന്നതിനെക്കുറിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് ചർച്ച ചെയ്യും. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എതിരഭിപ്രായം പറഞ്ഞതോടെ ദേവസ്വം ബോർഡും വെട്ടിലായി. മുഖ്യമന്ത്രി വിരട്ടിയതോടെ പുനഃപരിശോധനാ ഹർജി നൽകാൻ ബോർഡ് തയാറായേക്കില്ല.

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കോടതി വിധിയിൽ തിടുക്കത്തിൽ തീരുമാനം എടുക്കരുത് എന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുമ്പോഴാണ് ബോർഡ് യോഗം ചേരുന്നത്. ഇക്കാര്യത്തിൽ പുനഃപരിശോധനാ ഹർജി നൽകണമെന്ന ആവശ്യം പൊതു സമൂഹത്തിലും ശക്തമാണ്.

തുടക്കത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും ഈ നിലപാടിനോട് യോജിച്ചെങ്കിലും മുഖ്യമന്ത്രി എതിരഭിപ്രായം പറഞ്ഞതോടെ പിൻമാറുകായിരുന്നു. വിശ്വാസികളുടെ അഭിപ്രായമായിരുന്നു പ്രതിപക്ഷം ഇക്കാര്യത്തിൽ വ്യക്തമാക്കിയത്. ദേവസ്വം ബോർഡ് ഈ നിലപാടിനോട് യോജിച്ചിരുന്നു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷം പുനഃപരിശോധനാ ഹർജിയുടെ സാധ്യത പരിഗണിക്കുമെന്നാണ് ബോർഡ് പ്രസിഡന്‍റ് പത്മകുമാർ പറഞ്ഞത്.

എന്നാൽ ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ പ്രസ്താവനയ്ക്ക് എതിരെ മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതോടെ സന്നിധാനത്ത് സ്ത്രീകൾക്കായി ക്രമീകരണങ്ങള്‍ ഏർപെടുത്തുമെന്ന സമീപനത്തിലേക്ക് ബോർഡും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും മാറി. ഇതോടെ പുനഃപരിശോധനാ ഹർജി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിലപാട് മറികടന്ന് തീരുമാനം കൈക്കൊള്ളാൻ ബോർഡിന് കഴിയില്ല. സന്നിധാനത്ത് എത്തുന്ന സ്ത്രീകൾക്ക് സൗകര്യം ഏർപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചയാകും ഇന്നുണ്ടാവുക.

SabarimalaSC Verdict
Comments (0)
Add Comment