റോഡപകടങ്ങള്‍ വർധിച്ചതായി ഗതാഗതമന്ത്രി ; 2019 ല്‍ മരിച്ചത് 4,408 പേർ

Jaihind News Bureau
Monday, February 10, 2020

തിരുവനന്തപുരം : സംസ്ഥാനത്ത് റോഡപകടങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം 2019 ല്‍ വര്‍ധിച്ചതായി ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. 2018 നെക്കാള്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളിലെ യൂണിയന്‍ ചെയര്‍മാന്‍മാരെ വിദേശത്ത് ട്രെയിംനിംഗിന് അയക്കാനുള്ള പദ്ധതിക്കായി 125 കോടി രൂപ പ്ലാന്‍ ഫണ്ടില്‍ വകയിരുത്തിയതായി ഉന്നത വിദ്യഭ്യാസ മന്ത്രി കെ.ടി ജലീലും രേഖാമൂലം അറിയിച്ചു.

റോഡപകടങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം 2019 ല്‍ ഗണ്യമായി വര്‍ധിച്ചു. സംസ്ഥാനത്ത് 2018ല്‍ 40,181 റോഡപകടങ്ങളിലായി 4,303 പേര്‍ മരിക്കുകയും 31,672 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 2019 ല്‍ 41,153 റോഡപകടങ്ങളില്‍ 4,408 പേര്‍ മരിച്ചതായും 32,581 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ സഭയില്‍ പറഞ്ഞു. റോഡപകടങ്ങളില്‍ പരിക്കേറ്റവരുടെയും മരണപ്പെട്ടവരുടെയും എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മരണങ്ങള്‍ക്ക് കാരണം റോഡിന്‍റെ ദുരവസ്ഥയും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെയും ഉന്നത വിദ്യഭ്യാസ വകുപ്പിന് കീഴിലുളള യൂണിവേഴ്‌സിറ്റികളിലേയും യൂണിയന്‍ ചെയര്‍മാന്‍മാരേയും വിദേശ സര്‍വകലാശാലകളില്‍ ഇന്‍ഡക്ഷന്‍ ട്രെയ്നിംഗ് നല്‍കുന്ന പരിപാടിക്ക് പ്ലാന്‍ ഫണ്ടില്‍ 125 ലക്ഷം രൂപ വകയിരുത്തയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ സഭയെ അറിയിച്ചു. 59 പേരുടെ ലിസ്റ്റാണ് അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിട്ടുള്ളത്. യാത്രാ ടിക്കറ്റ്, വിസ നിരക്കുകള്‍ ഉള്‍പ്പെടാതെ പരമാവധി 75 പേര്‍ക്ക് 61, 700 യൂറോ ആണ് ആകെ ചെലവ് എന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ക്കും 2 വര്‍ഷത്തിനുള്ളില്‍ നാറ്റ് അക്രഡിറ്റേഷനും ടെക്‌നിക്കല്‍ കോളേജുകള്‍ക്ക് എന്‍.ബി.എ അക്രഡിറ്റേഷനും ലഭ്യമാക്കലാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ വ്യക്തമാക്കി.