മാധ്യമങ്ങൾക്കെതിരെ പ്രതികാര നടപടിയുമായി കേന്ദ്ര സർക്കാർ. ഡൽഹി കലാപം റിപ്പോർട്ട് ചെയ്ത എഷ്യാനെറ്റ്, മീഡിയ വൺ ചാനലുകൾക്ക് 48 മണിക്കൂർ പ്രക്ഷേപണ വിലക്ക്. കലാപം വസ്തുത വിരുദ്ധമായി റിപ്പോർട്ട് ചെയ്‌തെന്ന് ആരോപിച്ചാണ് നടപടി.
മലയാളത്തിലെ പ്രമുഖ വാർത്താചാനലുകളുടെ സംപ്രേഷണം രണ്ട് ദിവസത്തേക്ക് നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടിയെ ജനാധിപത്യസ്നേഹികൾ ഒറ്റക്കെട്ടായി എതിർക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സർക്കാരിനെതിരെ ശബ്ദിക്കുന്ന മറ്റുള്ള മാധ്യമങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള തന്ത്രം കൂടിയാണിതെന്നും രണ്ട് ചാനലുകളുടെയും പ്രക്ഷേപണ വിലക്ക് ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നടപടി പ്രതിഷേധാർഹമെന്ന് പത്ര പ്രവർത്തക യൂണിയൻ. അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമമെന്നും വാർത്ത റിപ്പോർട്ട് ചെയ്തതിന്‍റെ പേരിൽ ചാനലുകൾക്കെതിരെ നടപടിയെടുക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റമാണെന്നും മാധ്യമങ്ങൾ തങ്ങൾ പറയുന്നത് മാത്രം റിപ്പോർട്ട് ചെയ്താൽ മതിയെന്ന നിലപാട് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കേന്ദ്രസർക്കാർ നടപടി അടിയന്തിരമായി പിൻവലിക്കണമെന്നും പത്ര പ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.