ഐഎഎസ് പ്രതിഷേധം തള്ളി സർക്കാർ; സർവേ ഡയറക്ടർ വി.ആർ. പ്രേംകുമാറിനെ സ്ഥലംമാറ്റി

 

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തെ തള്ളി സർവേ ഡയറക്ടർ വി.ആർ. പ്രേംകുമാറിന്റെ സ്ഥലംമാറ്റ ഉത്തരവ് സർക്കാർ പുറത്തിറക്കി. പ്രേംകുമാറിനെ ഡയറക്ടർ സ്ഥാനത്തു നിലനിർത്തണമെന്ന റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണുവിന്റെ പ്രതിഷേധവും സർക്കാർ മുഖവിലയ്‌ക്കെടുത്തില്ല. ആർ. ഗിരിജ ഐഎഎസാണ് പുതിയ സർവേ ഡയറക്ടർ. പ്രേംകുമാറിന് പകരം ചുമതല നൽകിയിട്ടില്ല.

റീ സര്‍വ്വേ നടപടികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു സര്‍വ്വേ ഡയറക്ടറെ മാറ്റാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എന്നാല്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ എതിര്‍പ്പ് കാരണം ഉത്തരവ് ഇറക്കാതെ മാറ്റിവെക്കുകയായിരുന്നു. പ്രേം കുമാറിനെ സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ വേണു കടുത്ത എതിർപ്പാണ് പ്രകടിപ്പിരുന്നത്. നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യുമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയിരുന്നു.

ചട്ടങ്ങള്‍ പാലിക്കാതെയുള്ള സ്ഥലം മാറ്റം പാടില്ലെന്നും രണ്ട് വര്‍ഷമെങ്കിലും കഴിയാതെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റരുതെന്നും കാണിച്ച് ഐഎഎസ് അസോസിയേഷന്‍ പ്രമേയവും പാസ്സാക്കി. ഇതോടെ പ്രേംകുമാറിന്‍റെ സ്ഥലംമാറ്റ ഉത്തരവ് ഇറക്കാതിരുന്നു. മന്ത്രിസഭാ യോഗം പ്രശ്‍നം വീണ്ടും ചര്‍ച്ച ചെയ്യുമെന്ന സൂചനയ്ക്കിടെയാണ് സ്ഥലം മാറ്റ ഉത്തരവിറങ്ങിയത്. മന്ത്രിസഭാ തീരുമാനത്തിനെതിരെ കത്തെഴുതിയ വേണുവിന്റെ നടപടിയിൽ ഒരു വിഭാഗം മന്ത്രിമാർക്കും സീനിയർ ഐഎഎസ് ഉദ്യോഗസ്ഥർക്കും അതൃപ്തിയുണ്ടായിരുന്നു. ഈ നിലപാടിനോട് മുഖ്യമന്ത്രി യോജിച്ചതോടെയാണ് ഉത്തരവിറങ്ങിയത്. അതേസമയം റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ വി വേണു പ്രധിഷേധ സൂചകമായി അവധിയിൽ പോയി. സർക്കാരിന്റെ ഈ നടപടിയോടെ ഐഎഎസ് അസോസിയേഷന്‍റെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധം ഉണ്ടാകാനാണ് സാധ്യത.

Comments (0)
Add Comment