മുഖ്യമന്ത്രിയുടെ മകളുടെ ഐ.ടി കമ്പനി സംശയത്തിന്‍റെ നിഴലില്‍; സാമ്പത്തിക ഇടപാടുകള്‍ സംശയാസ്പദം; മുഖ്യമന്ത്രിയുടെ ഭാര്യ നോമിനി

Jaihind News Bureau
Sunday, April 19, 2020

ഡാറ്റ കൈമാറ്റ വിവാദത്തിൽ സ്പ്രിങ്ക്ളർ എന്ന അമേരിക്കൻ കമ്പനിക്കൊപ്പം ഇപ്പോൾ ഉയർന്നു കേൾക്കുന്ന പേരാണ് എക്സലോജിക് എന്ന ഇന്ത്യൻ കമ്പനിയുടേത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ നടത്തുന്ന ഈ ഐ.ടി സ്ഥാപനത്തിന്‍റെ കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകൾ പലതും സംശയാസ്പദമാണ്. മുഖ്യമന്ത്രിയുടെ ഭാര്യ കമലയാണ് കമ്പനിയുടെ നോമിനി.

2014 ൽ ബംഗലുരുവിലാണ് വീണ വിജയൻ എക്സലോജിക് എന്ന ഐ.ടി സ്ഥാപനം തുടങ്ങുന്നത്. ആദ്യ രണ്ട് വർഷം വരുമാനം ഒന്നുമില്ല. കനത്ത നഷ്ടവും ഉണ്ടായി. ഇത് മറികടക്കാൻ ധനലക്ഷ്മി ബാങ്കിൽ നിന്നും 50 ലക്ഷം രൂപ വായ്പ എടുത്തു. എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്ന് 25 ലക്ഷം കൂടി കടം വാങ്ങി. വ്യവസായ പ്രമുഖനായ ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് എംപവർ ഇന്ത്യ. ശശിധരൻ കർത്തയ്ക്ക് കേരളത്തിൽ കരിമണൽ ഖനനത്തിന് അനുമതി ലഭിച്ചത് ഈ കാലയളവിലാണ്. കരിമണൽ കേസിൽ സുപ്രീം കോടതിയിൽ കർത്തക്ക് അനുകൂലമായി സംസ്ഥാന സർക്കാർ ഒത്തു കളിച്ചു എന്ന സംശയം ഇതോടെ ശക്തിപ്പെടുന്നു.

2016-17 വർഷവും നഷ്ടത്തിലായ കമ്പനിയിലേക്ക് വീണയും എംപവർ ഇന്ത്യയും ചേർന്ന് 18 ലക്ഷം രൂപ കൊണ്ടു വരുന്നു. തൊട്ടടുത്ത വർഷം എക്സലോജിക് ലാഭത്തിലായി. ഒരു കോടിയോളം രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. എന്തായാലും നഷ്ടത്തിലായ കമ്പനിക്ക് ധനലക്ഷ്മി ബാങ്ക് വൻ തുക വായ്പ നൽകിയത് മുതൽ സംശയങ്ങൾ തുടങ്ങുന്നു. ശശിധരൻ കർത്തയുടെ എംപവർ ഇന്ത്യ വീണയുടെ കമ്പനിയെ കൈ അയച്ച് സഹായിച്ചതിന് പിന്നിൽ നടന്ന ചരടുവലികളും ഭരണത്തിന്‍റെ ഉന്നത ശ്രേണിയുമായി ബന്ധപ്പെട്ടിരിക്കുന്നതായും ന്യായമായി കരുതാം.

 

teevandi enkile ennodu para