യാത്രക്കിടെ ‘സീറോ എഫ്‌ഐആർ’ ആയി പരാതി സമർപ്പിക്കാന്‍ ആപ്പ് ഒരുക്കി റെയില്‍വേ

Jaihind Webdesk
Monday, October 15, 2018

ട്രെയിൻ യാത്രക്കിടെ പരാതി സമർപ്പിക്കാവുന്ന പുതിയ ആപ്ലിക്കേഷനുമായി ഇന്ത്യൻ റെയിൽവേ. ഈ ആപ്പ് വഴി റജിസ്റ്റർ ചെയ്യുന്ന പരാതികളിൽ റെയിൽവേ സുരക്ഷ സേനാ ഉടൻ നടപടിയെടുക്കും.

ട്രെയിൻ യാത്രക്കിടെ സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് റെയിൽവേ പുതിയ അപ്ലിക്കേഷനുമായി രംഗത്തെത്തിരിക്കുന്നത്. സ്ത്രീകൾക്കു നേരെയുണ്ടാകുന്ന അതിക്രമം, മോഷണം തുടങ്ങി ഏതു പരാതിയും ആപ്പ് വഴി നൽകാം. ഇത്തരം പരാതികൾ ഏതു പൊലീസ് സ്റ്റേഷനിലും പരിഗണിക്കാവുന്ന ‘സീറോ എഫ്‌ഐആർ’ ആയി പരിഗണിക്കും. റെയിൽവേ സുരക്ഷ സേന അന്വേഷണം നടത്തിയതിനുശേഷം അതത് പോലീസ് സ്റ്റേഷനിൽ പരാതി കൈമാറും. സ്ത്രീകൾക്കെതിരെ മധ്യപ്രദേശിൽ ഇത്തരത്തിൽ മൊബൈൽ ആപ്പ് സജ്ജീവമാണ്. ഇത് രാജ്യത്താകമാനം വ്യാപിപ്പിക്കാനാണ് റെയിൽവേയുടെ തീരുമാനം.

റെയിൽവേ സംബന്ധമായ എല്ലാ പരാതികളും ഈ ആപ്പ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. ആപ്പ് വഴി അറിയിക്കുന്ന പരാതികൾക്ക് ഉടനടി സഹായം ലഭ്യമാക്കുമെന്ന് ആർപിഎഫ് ഡിജി അരുൺ കുമാർ അറിയിച്ചു. നിലവിൽ ട്രെയ്ൻ യാത്രക്കാർക്ക് പരാതി നൽകണമെങ്കിൽ അടുത്ത സ്റ്റേഷൻ വരെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ഈ കാലതാമസം ഒഴിവാക്കുന്നതിനാണ് റെയിൽവേ ഇത്തരത്തിൽ ആപ്പ് അവതരിപ്പിക്കുന്നത്. സ്ത്രീകൾക്ക് ഓഫ് ലൈനായും പരാതി നൽകാനുള്ള സംവിധാനം ആപ്പിൽ ഒരുക്കിയിട്ടുണ്ട്.