ട്രെയിന്‍ അപകടങ്ങള്‍ വർധിക്കുന്നു, ആർക്കാണ് ഉത്തരവാദിത്വം?; മോദി സർക്കാരിനോട് ഏഴു ചോദ്യങ്ങളുമായി മല്ലികാർജുന്‍ ഖാർഗെ

 

ന്യൂഡല്‍ഹി: രാജ്യത്ത് വർധിച്ചുവരുന്ന ട്രെയിൻ അപകടങ്ങൾ ഉയർത്തുന്ന ആശങ്കയിൽ മോദി സർക്കാരിനോട് ഏഴു ചോദ്യങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അപകടങ്ങളുടെ ഉത്തരവാദിത്വം റെയിൽവേ മന്ത്രിക്കാണോ പ്രധാനമന്ത്രിക്കാണോ എന്ന് വ്യക്തമാക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. പ്രധാനമായും 7 ചോദ്യങ്ങളാണ് കോൺഗ്രസ് ഉയർത്തിയത്.

1. ബലാസോർ അപകടത്തിന് ശേഷം ഏറെ കൊട്ടിഘോഷിച്ച, ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനുള്ള ‘കവച്’ സംവിധാനം ഒരുക്കാത്തത് എന്തുകൊണ്ട്?

2. കഴിഞ്ഞ 10 വർഷത്തിനിടെ റെയിൽവേയിൽ ഒഴിവുവന്ന മൂന്നു ലക്ഷത്തോളം തസ്തികൾ നികത്താത്തത് എന്തുകൊണ്ട്?

3. 2017 മുതൽ 2021 വരെയുള്ള കാലയളവിൽ മാത്രം ഒരുലക്ഷത്തോളം പേർ ട്രെയിൻ അപകടങ്ങളിൽ കൊല്ലപ്പെട്ടതായി എൻസിആർബി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിന്‍റെ ഉത്തരവാദിത്വം ആർക്കാണ്? ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ലോക്കോ പൈലറ്റുമാർ അധിക സമയം ജോലി ചെയ്യേണ്ടിവരുന്നത് അപകടങ്ങൾ കൂടാനുള്ള ഒരു കാരണമാണെന്ന് റെയിൽവേ തന്നെ വ്യക്തമാക്കുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ഈ ഒഴിവുകൾ നികത്താത്തത്?

4. റെയിൽവേ സുരക്ഷാ കമ്മീഷന്‍റെ നിർദ്ദേശങ്ങൾ റെയിൽവേ അവഗണിച്ചതിന് പാർലമെന്‍റ് സ്റ്റാൻഡിംഗ് കമ്മിറ്റി വിമർശനം ഉന്നയിച്ചിരുന്നു. പത്ത് ശതമാനം അപകടങ്ങൾ മാത്രമാണ് റെയിൽവേ സുരക്ഷാ കമ്മീഷൻ അന്വേഷണവിധേയമാക്കിയത്. എന്തുകൊണ്ടാണ് റെയിൽവേ സുരക്ഷാ കമ്മീഷൻ ശക്തിപ്പെടുത്താത്തത്?

5. രാഷ്ട്രീയ റെയില്‍ സുരക്ഷാ കോശിലേക്കുള്ള തുക 75 ശതമാനമായി വെട്ടിക്കുറച്ചെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു. റെയിൽവേ സുരക്ഷയ്ക്കായി വർഷംതോറും വകയിരുത്തിയിരിക്കുന്ന 20,000 കോടി രൂപ വകമാറ്റി ചെലവഴിക്കുന്നത് എന്തുകൊണ്ടാണ്?

6. സാധാരണ സ്ലീപ്പർ ക്ലാസ് യാത്രകൾക്ക് അമിതചാർജ് ഈടാക്കുന്നത് എന്തുകൊണ്ട്? സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ചത് എന്തുകൊണ്ട്? ട്രെയിനിൽ വർധിച്ചുവരുന്ന തിക്കും തിരക്കും ഒഴിവാക്കാൻ പോലീസിനെ ഉപയോഗിക്കുമെന്ന് റെയിൽവേമന്ത്രി അടുത്തിടെ പറഞ്ഞു. പക്ഷെ കഴിഞ്ഞ വർഷം മാത്രം 2.70 കോടി ആളുകൾക്ക് ടിക്കറ്റ് ക്യാൻസൽ ചെയ്യേണ്ടിവന്നത് കോച്ചുകൾ വെട്ടിക്കുറച്ച മോദി സർക്കാരിന്‍റെ ഈ നയം കാരണമാണെന്നത് റെയില്‍വേ മന്ത്രിക്ക് അറിയാമോ?

7. ഏതെങ്കിലും തരത്തിലുള്ള ഉത്തരവാദിത്വം ഒഴിവാക്കാൻ മോദി സർക്കാർ 2017-2018-ലെ ജനറൽ ബഡ്ജറ്റിൽ റെയിൽവേ ബഡ്ജറ്റിനെ ലയിപ്പിച്ചിരുന്നോ?

സ്വയം മഹത്വവത്ക്കരണം കൊണ്ട് ഇന്ത്യൻ റെയിൽവേയിൽ മോദി സർക്കാർ നടത്തുന്ന കുറ്റകരമായ അവഗണനയെ ഇല്ലാതാക്കില്ലെന്നും ഉത്തരവാദിത്വം ഉറപ്പാക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

Comments (0)
Add Comment