വാല്‍പ്പാറയില്‍ പുലി പിടിച്ച നാലു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെ മൃതദേഹം പാതി ഭക്ഷിച്ച നിലയിലാണുള്ളത്. ലയത്തില്‍ നിന്ന് 300 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കഴിഞ്ഞ ദിവസമാണ് പുലി കൊണ്ടുപോയത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.
ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തേയിലത്തോട്ടത്തിലേക്ക് കുട്ടിയെ പുലി കൊണ്ടുപോയെന്നാണ് അമ്മ പോലീസില്‍ നല്‍കിയ മൊഴി. വലിയ രീതിയില്‍ ഇന്നലെ രാത്രിയും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.