മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുമ്പോൾ സംസ്ഥാനത്തെ കെ.എസ്.ആർ.ടി ജീവനക്കാർ പട്ടിണി ദുരന്തത്തിൽ. തെരഞ്ഞെടുപ്പിന് മുമ്പ് കെ.എസ്.ആർ.ടി.സി പെൻഷൻ നൽകുമെന്ന് പറഞ്ഞ സർക്കാരിന്റെ വാഗ്ദാനം പാഴ് വാക്കായി.
എല്ലാമാസവും 5നു മുൻപ് ലഭിച്ചുകൊണ്ടിരുന്ന പെൻഷൻ ഇന്നലെ വരെയും ലഭിച്ചില്ല. തിരഞ്ഞെടുപ്പിനു മുന്നോടിയായി സഹകരണ ബാങ്കുകളിൽ നിന്നു പണം കടംവാങ്ങി സർക്കാർ ക്ഷേമപെൻഷൻ കൊടുത്തുതീർത്തതോടെയാണ് കെഎസ്ആർടിസി ജീവനക്കാർക്ക് പെൻഷൻ മുടങ്ങിയത്. ക്ഷേമപെൻഷൻ കുടിശിക കൊടുത്തു തീർക്കാനായി സഹകരണബാങ്കുകളിൽ നിന്ന് 3000 കോടി രൂപയോളമാണ് സർക്കാർ കടം വാങ്ങിയിരിക്കുന്നത്. സർക്കാർ നൽകാനുള്ള ഒരു മാസത്തെ കുടിശിക നൽകിയാൽ ആ പണം അനുവദിക്കാമെന്ന് ബാങ്കുകൾ അറിയിച്ചു. കെഎസ്ആർടിസിയിൽ നിന്നു വിരമിച്ച 39,000 പേർക്ക് പെൻഷൻ നൽകാൻ പ്രതിമാസം 62 കോടി രൂപയാണു വേണ്ടത്. കഴിഞ്ഞ വർഷം പെൻഷൻ മാസങ്ങളോളമാണ് മുടങ്ങിയത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ മാസത്തിന് ആദ്യ ആഴ്ച്ച തന്നെ പെൻഷൻ നൽകാമെന്ന് സർക്കാർ അറിയിച്ചിരുന്നു. സഹകരണബാങ്കുകളുടെ കൺയോർഷ്യം വഴിയാണ് ജീവനക്കാർക്ക് പെൻഷൻ നൽകുന്നത്. സർക്കാർ കെഎസ്ആർടിസിക്ക് അനുവദിച്ച ഫണ്ടിൽ നിന്നു പിന്നീട് ഈ തുക പലിശസഹിതം ബാങ്കുകൾക്കു തിരിച്ച് നൽകാമെന്നായിരുന്നു ധാരണ. ഈയാഴ്ച തുക വിതരണം ചെയ്യാനാകുമെന്നാണു പ്രതീക്ഷയെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് വൃത്തങ്ങൾ. വിഷുവിന് ഏറെ പ്രാധാന്യമുള്ള വടക്കൻ ജില്ലകളിലുള്ളവരാണ് പെൻഷൻ മുടങ്ങിയതോടെ ദുരിതത്തിലായത്.