തിരുവനന്തപുരം: പുതുക്കിയ ഗതാഗത നിയമം അനുസരിച്ച് നിയമലംഘനങ്ങള്‍ക്ക് ഇന്നുമുതല്‍ കടുത്ത പിഴ ഈടാക്കും. ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുക പത്തിരട്ടി വരെ വര്‍ധിപ്പിച്ചു കൊണ്ടാണ് നിയമഭേദഗതി. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ ഇന്നു മുതൽ പിഴ 5,000 രൂപയാണ്. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നവര്‍ക്ക് 1,000 രൂപയാണ് പിഴ. അമിത വേഗത്തിനുള്ള പിഴത്തുകയും 1,000-2,000 നിരക്കിലാണ്. വാഹനമോടിക്കുമ്പോൾ മൊബൈല്‍ ഫോൺ ഉപയോഗിച്ചാൽ പിഴ 10,000 രൂപ നൽകണം. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കാത്തിരിക്കുന്നതും 10,000 രൂപയാണ്. ഇരുചക്രവാഹനത്തില്‍ കൂടുതല്‍ പേരെ കയറ്റിയാല്‍ 2,000 രൂപ നല്‍കേണ്ടി വരും. ഇൻഷുറൻസ് ഇല്ലാത്തതിനുള്ള പിഴയും 2000 രൂപയാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ മാതാപിതാക്കളോ വാഹന ഉടമയോ 25,000 രൂപ പിഴ നൽകണം. സൺ ഫിലിമിന് പുറമെ വാഹനത്തിൽ കർട്ടൺ ഇട്ട് യാത്ര ചെയ്യുന്നതും ശിക്ഷാർഹമാണ്.
തിരുവനന്തപുരം ജില്ലയില്‍ പുതുക്കിയ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ബോധവത്കരണവും പരിശോധനയും രാവിലെ 11 ന് കവടിയാർ പാർക്കിൽ എ.ഡി.ജി.പി ഷെയ്ക്ക് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. സിറ്റി പൊലീസ് കമ്മീഷണർ എം.ആർ അജിത് കുമാറടക്കമുള്ള ഉദ്യോഗസ്ഥർ ജനങ്ങൾക്ക് ബോധവത്ക്കരണം നൽകി.
പുതിയ നിയമപ്രകാരം റോഡ് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കടുത്ത പിഴ ശിക്ഷയാണ് ഈടാക്കുന്നത്. തിരുവനന്തപുരം നഗരപരിധിയിൽ രാവിലെ തുടങ്ങിയ പരിശോധന- ബോധവത്ക്കരണ പരിപാടിയിൽ സർക്കാർ – സ്വകാര്യ വ്യത്യാസമില്ലാതെ എല്ലാത്തരം വാഹനങ്ങളും പരിശോധിച്ച് ഡ്രൈവർമാർക്കും യാത്രക്കാർക്കും ബോധവത്ക്കരണം നൽകി.
ബോധവത്ക്കരണത്തിനും പരിശോധനയ്ക്കുമായി ട്രാഫിക്ക് സെക്ടറുകളുടെ എണ്ണം മുപ്പതായി ഉയർത്തിയെന്നും ഓരോ സെക്ടറിന്റെയും ചുമതല ഓരോ സബ് ഇൻസ്പെപെക്ടറുമാർക്ക് നൽകിയെന്നും പരിശോധന തുടരുമെന്നും ഡി.സി.പി ആർ ആദിത്യ വ്യക്തമാക്കി. രണ്ട് ഷിഫ്റ്റുകളിലായി ട്രാഫിക് ഉദ്യോഗസ്ഥരെ വിന്യസിച്ച് എന്നും രാവിലെ ഏഴ് മുതൽ നഗരപരിധിയിൽ പരിശോധന ആരംഭിക്കുമെന്നും ഓണക്കാലത്ത് പരിശോധന കർശനമാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.