സംസ്ഥാനത്ത് പണിമുടക്ക് പൂർണം : സർക്കാർ ഓഫീസുകള്‍ ഉള്‍പ്പടെ പ്രവർത്തിക്കുന്നില്ല

Jaihind Webdesk
Monday, March 28, 2022

തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്കില്‍ സംസ്ഥാനത്തെ പൊതുഗതാഗതം നിലച്ചു. കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ അടക്കം നിലക്കുന്നതോടെ പണിമുടക്ക് ഹര്‍ത്താലിന് സമാനമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. പോലീസ് സംരക്ഷണത്തില്‍ ചിലയിടങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ശക്തമായ പ്രതിഷേധം കാരണം ഇവ നിര്‍ത്തിവെക്കേണ്ടി വരുമെന്നാണ് സൂചന. ചില സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിക്കുന്നവരെ സമരക്കാര്‍ തടയുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ മിക്കതും പ്രവര്‍ത്തിക്കുന്നില്ല. തൊഴിലാളികളേയും കര്‍ഷകരേയും സാധാരണക്കാരേയും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് രണ്ടു ദിവസത്തെ പണിമുടക്ക്.

കൊച്ചി എഫ്.എ. സി.ടിയിലും ബി.പി.സി.എൽ റിഫൈനറിയിലും ജോലിക്കെത്തിയവരെ സമരക്കാർ തടഞ്ഞു. പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖല പൂർണമായും സ്തംഭിച്ചു. കിൻഫ്രയിലേക്ക് ജോലിക്കെത്തിയവരെ സമരക്കാർ തിരിച്ചയച്ചു. എറണാകുളം പള്ളിക്കരയിലും മലപ്പുറം എടവണ്ണപ്പാറയിലും തുറന്ന കടകൾക്ക് മുന്നിൽ സമരക്കാർ പ്രതിഷേധിച്ചു. തിരുവന്തപുരം, കാസർകോട്, കോഴിക്കോട് ജില്ലകളിൽ നിരത്തിലിറങ്ങിയ വാഹനങ്ങൾ സമരക്കാർ തടഞ്ഞു. അശോകപുരത്തു ഓട്ടോറിക്ഷ സമരാനുകൂലികൾ അടിച്ചു തകർത്തു.

തിരുവനന്തപുരം കാട്ടാക്കടയിൽ നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങൾ എല്ലാം സമരക്കാർ തിരിച്ചുവിട്ടു. റോഡിൽ കസേരകൾ നിരത്തി വാഹനങ്ങൾ വഴി തിരിച്ചുവിടുകയാണ്. അതേസമയം എറണാകുളം പള്ളിക്കരയിൽ പണിമുടക്ക് ബാധിച്ചില്ല. വ്യാപാര സ്ഥാപനങ്ങൾ സാധാരണ പോലെ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം വ്യാപാര സ്ഥാപനങ്ങൾക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

ആശുപത്രികളിലേക്കും മറ്റും പോകുന്ന സ്വകാര്യ വാഹനങ്ങള്‍ ഒഴിച്ചാല്‍ കണ്ണൂരില്‍ മറ്റു വാഹനങ്ങളൊന്നും ഓടുന്നില്ല. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള സമരം ആയതുകൊണ്ട് തന്നെ കണ്ണൂരില്‍ ശക്തമായ മുന്‍ കരുതലാണ് സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ പോലീസിന്റെ പിക്കറ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജീപ്പിലും ബൈക്കിലുമായി പെട്രോളിങും പോലീസും നടത്തുന്നുണ്ട്. തൊഴിലാളി യൂണിയനുകള്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സമര കേന്ദ്രങ്ങള്‍ ഒരുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സമരത്തെ അനുകൂലിക്കുന്ന ട്രേഡ് യൂണിയനുകള്‍ ഒരുമിച്ച് ചേര്‍ന്ന് രണ്ട് ദിവസവും കലാപരിപാടികളും മറ്റുമായി മുഴുവന്‍ സമയവും കേന്ദ്രങ്ങളില്‍ ഉണ്ടകുമെന്നാണ് സംഘടനകള്‍ അറിയിച്ചിരിക്കുന്നത്.