ടിപി വധക്കേസിലെ ഹൈക്കോടതി വിധി സിപിഎം പങ്കും ഗൂഢാലോചനയും അടിവരയിടുന്നത്; അപ്പീല്‍ നല്‍കാനുള്ള തീരുമാനത്തിന് യുഡിഎഫ് പിന്തുണ നല്‍കും: വി.ഡി. സതീശന്‍

 

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവെക്കുകയും കീഴ്ക്കോടതി ഒഴിവാക്കിയതില്‍ രണ്ടു പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്ത ഹൈക്കോടതി വിധി സ്വാഗതാര്‍ഹവും നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

ടിപി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയതില്‍ സിപിഎമ്മിന്‍റെ ഗൂഢാലോചനയും പങ്കും അടിവരയിടുന്നതാണ് ഹൈക്കോടതി ഉത്തരവ്. ടിപിയെ കൊലപ്പെടുത്തിയതിലൂടെ എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത മാഫിയാ സംഘമാണ് സിപിഎമ്മെന്ന് വെളിപ്പെട്ടതാണ്. സിപിഎം ഉന്നത നേതാക്കളും മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് കൊലയാളികള്‍ക്ക് സംരക്ഷണം ഒരുക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ശിക്ഷ ഹൈക്കോടതി ശരിവെച്ച സാഹചര്യത്തില്‍ കൊലയാളികള്‍ക്ക് ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതും അടിക്കടി പരോള്‍ അനുവദിക്കുന്നതും സര്‍ക്കാര്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. സിപിഎം ഉന്നത നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള കെ.കെ. രമയുടെയും ആര്‍എംപിയുടെയും തീരുമാനത്തിന് യുഡിഎഫ് പിന്തുണ നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Comments (0)
Add Comment