ടി.പി. വധക്കേസ് പ്രതിക്ക് ചട്ടം ലംഘിച്ച് ചികിത്സ; പ്രിസണേഴ്സ് സെല്ലിന് പകരം ഡീലക്സ് റൂം

 

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധകേസിലെ പ്രതി ജ്യോതി ബാബുവിന് കണ്ണൂർ പരിയാരം ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിൽ ചട്ടം ലംഘിച്ച് ചികിത്സ. സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന ജ്യോതി ബാബുവിന് പരിയാരം മെഡിക്കൽ കോളേജിലെ എക്സിക്യൂട്ടീവ് റൂമിലാണ് ചികിത്സ നൽകുന്നത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പന്ത്രണ്ടാം പ്രതിയാണ് ജ്യോതി ബാബു. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനായ ജ്യോതി ബാബുവിന് ചട്ടപ്രകാരം പ്രിസണേഴ്സ് സെല്ലിലോ, ജനറൽ വാർഡിലോ ആണ് ചികിത്സ നൽകേണ്ടത്. ഇതിന് വിരുദ്ധമായാണ് ജ്യോതി ബാബുവിന് ഡീലക്സ് റൂമിൽ ചികിത്സ നൽകുന്നത്.

ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസിൽ ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച സിപിഎം നേതാവ് ജ്യോതി ബാബു കോഴിക്കോട് വിചാരണ കോടതിയിൽ കീഴടങ്ങിയത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്. ചികിത്സയിലായിരുന്ന ജ്യോതി ബാബു ആംബുലൻസിലാണ് കീഴടങ്ങാനായി എത്തിയത്. കേസിൽ പന്ത്രണ്ടാം പ്രതിയാണ് ജ്യോതി ബാബു. സിപിഎം കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റി മുൻ അംഗമാണ് ജ്യോതി ബാബു. സിപിഎം നേതാവ് കെ.കെ കൃഷ്ണനും അന്നേ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു.

Comments (0)
Add Comment