ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. നിരപരാധികളെന്നും ശിക്ഷ ഇളവ് നല്‍കണമെന്നും പ്രതികള്‍ വാദിച്ചു. വധശിക്ഷ ഒഴിവാക്കാന്‍ എന്തെങ്കിലും കാരണമുണ്ടോയെന്ന് ഒന്നാം പ്രതി എംസി അനൂപിനോട് കോടതി ചോദിച്ചു. നാളെ രാവിലെ പ്രതികളെ കോടതിയില്‍ വീണ്ടും നേരിട്ട് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
നിരപരാധികളെന്നും ശിക്ഷ ഇളവ് നല്‍കണമെന്നുമാണ് പ്രതികള്‍ കോടതിയില്‍ വാദിച്ചത്. കുറ്റം ചെയ്തിട്ടില്ലെന്നും ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നും വധശിക്ഷ നല്‍കരുതെന്നും ഒന്നാം പ്രതി എം സി അനൂപ് ആവശ്യപ്പെട്ടു. 80 വയസായ അമ്മ മാത്രമേയുള്ളൂ, ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് കിര്‍മ്മാണി മനോജും കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കൊടി സുനിയും കോടതിയില്‍ പറഞ്ഞു. രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നും വാദം അറിയിക്കാന്‍ സമയം നല്‍കണമെന്നുമാണ് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്.
രേഖകളുടെ പകര്‍പ്പ് പ്രതികള്‍ക്കും പ്രോസിക്യൂഷനും നല്‍കും. ഹൈക്കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഇന്ന് എറണാകുളം സബ് ജയിലിലാണ് പാര്‍പ്പിക്കുന്നത്. കേസില്‍ അടുത്തിടെ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ച 12-ാം പ്രതി ജ്യോതി ബാബു ഒഴികെ മറ്റെല്ലാവരും ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. ഡയാലിസിസ് ഇന്ന് വൈകിട്ട് മൂന്നിന് നടത്താനുള്ളതിനാലാണ് ജ്യോതി ബാബു കോടതിയില്‍ ഹാജരാകാതിരുന്നത്. ഇയാളെ ഓണ്‍ലൈനായാണ് ഹാജരാക്കിയത്. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വാദം കേട്ടത്. ആറാം പ്രതി ഒഴികെയുള്ളവര്‍ക്ക് വധഗൂഡാലോചനയില്‍ പങ്കുണ്ടെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് ഒന്നു മുതല്‍ അഞ്ച് വരെയും ഏഴും പ്രതികളുടെ ശിക്ഷവിധി ഉയര്‍ത്തുന്നത്. പിന്നാലെ കേസ് നാളത്തേക്ക് മാറ്റുകയായിരുന്നു. നാളെ 10.15 നു തന്നെ പ്രതികള്‍ കോടതിയില്‍ ഹാജരാകണമെന്ന് പറഞ്ഞ കോടതി, ഉച്ചയ്ക്ക് ശേഷം ഉത്തരവ് പുറപ്പെടുവിക്കാനാണ് സാധ്യത.