നല്ല വിധി, ഗൂഢാലോചനയും പുറത്തുവരണം; നിയമപോരാട്ടം തുടരുമെന്ന് കെ.കെ. രമ

 

കൊച്ചി: ടിപി വധക്കേസ് പ്രതികൾക്കെതിരായ ഹൈക്കോടതി വിധി‌യെ സ്വാഗതം ചെയ്ത് ടിപിയുടെ ഭാര്യയും വടകര എംഎൽഎയുമായ കെ.കെ. രമ. നല്ല വിധിയെന്ന് പ്രതികരിച്ച രമ മുഴുവൻ പ്രതികളും നിയമത്തിനു മുന്നിൽ വന്നിട്ടില്ലെന്നും പറഞ്ഞു. കേസിലെ  ഗൂഢാലോചന പുറത്തുവരേണ്ടതുണ്ടെന്നും അതിനായി നിയമപോരാട്ടം തുടരുമെന്നും രമ വ്യക്തമാക്കി.

‘‘നല്ല വിധിയാണ്, അതിനെ സ്വാഗതം ചെയ്യുന്നു. ചില പ്രതികൾക്ക് ഇരട്ട ജീവപര്യന്തമാണ് കിട്ടിയത്. നേരത്തെ വിചാരണക്കോടതി ഗൂഢാലോചന ചുമത്താത്ത ആളുകൾക്കുമേൽ ഗൂഢാലോചന ചുമത്തി ശിക്ഷ വിധിച്ചിരിക്കുന്നു. ക്രൂരമായ കൊലപാതകം എന്നാണ് കോടതി പറഞ്ഞത്. രാഷ്ട്രീയം പറഞ്ഞതിന്‍റെ പേരിൽ, അല്ലെങ്കിൽ അഭിപ്രായവ്യത്യാസം ഉണ്ടായതിന്‍റെ പേരിൽ ആരെയും കൊല്ലരുത് എന്ന സന്ദേശമാണ് ഈ വിധിയിൽ ഏറ്റവും പ്രധാനം. മുഴുവൻ പ്രതികളും നിയമത്തിനു മുന്നിൽ വന്നിട്ടില്ല. അതുകൊണ്ടു തന്നെ മേൽക്കോടതിയിൽ അപ്പീൽ പോകും. ആലോചിച്ച് ബാക്കി കാര്യങ്ങൾ തീരുമാനിക്കും. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഇനിയും പുറത്തുവരാനുണ്ട്’’– കെ.കെ. രമ മാധ്യമങ്ങളോട് പറഞ്ഞു.

ടി.പി. ചന്ദ്രശേഖരൻ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ലെങ്കിലും കേസിലെ ആറു പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമായി ഹൈക്കോടതി ഉയർത്തി. പുതുതായി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളായ കെ.കെ. കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം ശിക്ഷ വിധിച്ചു. ടി.പിയുടെ ഭാര്യ കെ.കെ.രമയ്ക്ക് 7 ലക്ഷം രൂപയും മകന് 5 ലക്ഷം രൂപയും നല്‍കണമെന്നും കോടതി വിധിച്ചു.

നേരത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്ന 1, 2, 3, 4, 5, 7 പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമാക്കി ഉയർത്തിയത്. എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, കെ.കെ. മുഹമ്മദ് ഷാഫി, കെ. ഷിനോജ് എന്നിവർക്കാണ് ശിക്ഷ ഇരട്ടജീവപര്യന്തമാക്കി ഉയർത്തിയത്. ഈ പ്രതികള്‍ക്ക് 20 വര്‍ഷം കൂടാതെ പരോളോ ശിക്ഷയിളവോ ഉണ്ടാവില്ല. ഇവരുള്‍പ്പെടെ 9 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമാണ്.

കെ.സി. രാമചന്ദ്രൻ, കെ.കെ. കൃഷ്ണൻ, ട്രൗസർ മനോജ്, ജ്യോതി ബാബു, വാഴപ്പടച്ചി റഫീഖ്, ലംബു പ്രദീപൻ എന്നിവരാണ് യഥാക്രമം 6, 8, 10, 11, 12, 18, 31 പ്രതികൾ. 13–ാം പ്രതിയും സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന പി.കെ. കുഞ്ഞനന്തൻ ജയിലിൽ ആയിരിക്കെ 2020-ൽ മരിച്ചു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി. മോഹനൻ ഉൾപ്പെടെ 24 പേരെ വെറുതെ വിട്ടിരുന്നു. കെ.കെ. കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതി നടപടി റദ്ദാക്കിയാണു ശിക്ഷ വിധിച്ചത്.

Comments (0)
Add Comment