ടി.പി വധം : പ്രതികൾക്കു വേണ്ടി വാദിച്ചയാൾ നിലവിൽ അഡ്വ. ജനറൽ ; പ്രതികളെ ഒളിപ്പിച്ചയാൾ മുഖ്യമന്ത്രിയുടെ പി.എസ് ; അട്ടിമറി സാധ്യത

Jaihind Webdesk
Thursday, September 9, 2021

തിരുവനന്തപുരം : ടിപി കേസില്‍ 2014ലെ വിചാരണക്കോടതി വിധിക്കെതിരായ ഹർജികൾ അടുത്ത മാസം അഞ്ചിന് ഹൈക്കോടതി പരിഗണിക്കും .  കേസിൽ ആരാകും സർക്കാരിന് വേണ്ടി ഹാജരാകുക എന്നത്  നിർണ്ണായകമാണ്. കേസിലെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറും മുൻ കാസർകോട് ഡിസിസി പ്രസിഡന്‍റുമായ അഡ്വ.സി.കെ.ശ്രീധരൻ ആരോഗ്യ കാരണങ്ങളാൽ തുടരാനാകില്ലെന്നറിയിച്ച് ആഭ്യന്തര സെക്രട്ടറിക്കു കത്തു നൽകിയത്  പ്രതിസന്ധിയായി. പകരം  പ്രോസിക്യൂട്ടറെ നിയമിക്കുമെന്നത് പ്രധാനം.

ഡൽഹിയിൽ നിന്ന് കപിൽ സിബലിനെയോ അതുപോലെ വിദഗ്ധരായ അഭിഭാഷകരെയോ പ്രോസിക്യൂട്ടറായി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കെകെ രമ എംഎൽഎ സർക്കാരിനെ ഉടൻ സമീപിക്കും. വിചാരണക്കോടതി വെറുതെവിട്ട പി.മോഹനൻ ഇപ്പോള്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയും, കെ.കെ.രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമാണ്. അതുകൊണ്ട് തന്നെ ഈ കേസ് അട്ടിമറിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

നേരത്തെ പ്രതികൾക്കായി കോടതിയിൽ വാദിച്ച കെ.ഗോപാലകൃഷ്ണക്കുറുപ്പാണ് ഇപ്പോൾ അഡ്വക്കറ്റ് ജനറൽ. അദ്ദേഹത്തിന്റെ നിലപാടും കേസിൽ നിർണായകമാണ്. അപ്പീൽ കേസിന്‍റെ നടത്തിപ്പിൽ സർക്കാർ തന്ത്രപരമായ പിന്നോട്ടു പോക്കിന് ഒരുങ്ങിയേക്കുമെന്ന ആശങ്കയിലാണ് രമയും ആർഎംപിയും. പെരിയ ഇരട്ടക്കൊല, ഷുഹൈബ് വധം തുടങ്ങി സർക്കാരിനു രാഷ്ട്രീയ താൽപര്യമുള്ള കേസുകൾ വാദിക്കാൻ കോടികൾ മുടക്കി ഡൽഹിയിൽ നിന്ന് അഭിഭാഷകരെ ഇറക്കുമതി ചെയ്ത സർക്കാർ ടിപി കേസിൽ രമയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വലിയ പ്രതിഷേധം ഉയർന്നേക്കാം.

അപ്പീലുകൾ 3 എണ്ണമാണ് ഹൈക്കോടതിക്ക് മുമ്പിൽ വരിക. ഇതിൽ ഒന്ന് രമയുടേതാണ്. വിചാരണക്കോടതി വെറുതെവിട്ട സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ അടക്കമുള്ളവരെ ശിക്ഷിക്കണം. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പേർക്ക് വധശിക്ഷ നൽകണം എന്നതാണ് ആവശ്യം. നിരപരാധികളാണെന്ന് കാട്ടി പ്രതികളും അപ്പീൽ നൽകിയിട്ടുണ്ട്.

ടിപി കേസിൽ കെ.കെ.രാഗേഷ് അന്ന് പ്രധാന പ്രതികളെ ഒളിപ്പിക്കാൻ സഹായിച്ചെന്ന കുറ്റത്തിനു പ്രതിയായിരുന്നു. ഇടക്കാല വിധിയിലൂടെ വിചാരണക്കോടതി വെറുതെവിട്ടു. ഇന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. പി.മോഹനൻ ഗൂഢാലോചനക്കുറ്റത്തിന് പ്രതിയായിരുന്നു. കോടതി വെറുതെവിട്ടു. ഇപ്പോൾ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ് മോഹനൻ.